മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഭാവിയിൽ ഭീഷണിയാകുന്നവരെയെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയത് സിപിഎമ്മിൽ അതൃപ്തിയായ് പുകയുന്നു. ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിശ്ചയമായും ഉണ്ടാകുമെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും കരുതിയ പി.ജയരാജനും എം.ബി രാജേഷും ഒഴിവാക്കപ്പെട്ടത് മുഖ്യമന്ത്രിയുടെയും റിയാസിന്റെയും അനിഷ്ടത്തിന്റെ പേരിലാണ്.
പ്രായപരിധിയുടെ പേരിൽ എ.കെ ബാലൻ ഒഴിവായപ്പോൾ പാലക്കാട് ജില്ലക്കാരനായ മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ എം. ബി രാജേഷ് സ്വാഭാവികമായും സംസ്ഥാന സെക്രട്ടറിയേറ്റിൽ വരുമായിരുന്നു. കഴിഞ്ഞ തവണ റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് എന്ന പേരിലാണ്. ആ മാനദണ്ഡം രാജേഷിന്റെ കാര്യത്തിൽ പാലിക്കപെട്ടില്ല. കഴിഞ്ഞ സമ്മേളനകാലത്ത് രാജേഷിനെ നിയമസഭാ സ്പീക്കറാണെന്ന കാരണം പറഞ്ഞാണ് സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയത്.
തനിക്കു ശേഷം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനം വഹിച്ച റിയാസ് കേരള ഘടകത്തിലെ പരമോന്നത സമിതിയിൽ ഇരുന്നിട്ടും താൻ പുറത്തുനിൽക്കേണ്ടി വരുന്നതിൽ രാജേഷിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ തവണ സീനിയറായ പല നേതാക്കളെയും മറിക ടന്ന് റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ കൊണ്ടുവന്നപ്പോൾ, കുടുംബാധിപത്യം എന്ന ആക്ഷേപം വരാതിരിക്കാൻ മാത്രമാണ് എം.സ്വരാജിനെയും ഉൾപ്പെടുത്തി ബാലൻസ് ചെയ്തത്.
നിയമസഭാ തെരഞ്ഞടുപ്പിൽ പരാജയപ്പെട്ടതിനാൽ സ്വരാജ് തത്കാലം ഭീഷണി അല്ലെന്ന് അന്ന് റിയാസ് പക്ഷം കണക്ക് കൂട്ടിയിരുന്നു. എന്നാൽ മന്ത്രി പദവി വഹിക്കുന്ന എം.ബി രാജേഷ് റിയാസിന് ഭീഷണിയാണ്. കഴിഞ്ഞ തവണ സെക്രട്ടറിയേറ്റിൽ വന്ന പുത്തലത്ത് ദിനേശൻ പാർലമെന്ററി പ്രവർത്തനത്തിൽ വലിയ താത്പര്യം കാണിക്കാത്ത ആളാണ്. മന്ത്രിമാരായ കെ.എൻ ബാലഗോപാലും പി. രാജീവും പിണറായി വിജയന് വിധേയരായി നിൽക്കുന്ന നേതാക്കളാണ് എന്നതിനാൽ ഇരുവരെയും ഭീഷണിയായി റിയാസ് കാണുന്നില്ല. പാർട്ടിയിലെ ബുദ്ധിജീവി ലൈൻ പിന്തുടരുന്ന ഇരുവരും പ്രായോഗിക രാഷ്ട്രീയത്തിൽ പിന്നോട്ടാണെന്നും റിയാസ് കണക്കുകൂട്ടുന്നു.
പ്രായപരിധി മൂലം പി. കെ ശ്രീമതി ഒഴിവായതിനാൽ വനിതയെ ഉൾപ്പെടുത്തേണ്ടതിനാൽ ഗത്യന്തരമില്ലാത്തതിനാൽ മാത്രമാണ് കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജയെ സെക്രട്ടറിയേറ്റ് അംഗമാക്കിയത്. സെക്രട്ടറിയേറ്റിലുള്ള ടി.പി രാമകൃഷ്ണൻ, വാസവൻ, സജി ചെറിയാൻ, കെ.കെ ജയചന്ദ്രൻ, പി.കെ ബിജു, എം.വി ജയരാജൻ, സി.എൻ മോഹനൻ എന്നിവരെല്ലാം പിണറായി വിജയനോട് വിധേയത്വം കാണിക്കുന്നവരാണ്. ആ അർത്ഥത്തിൽ റിയാസിനോടും താത്പര്യമുള്ളവരാണ്. നേരത്തെ പിണങ്ങി നിന്ന ഇ പി ജയരാജനും ഇപ്പോൾ പിണറായിയുടെ ഗുഡ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
അതേസമയം, ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയെന്ന് പരസ്യമായി സമ്മതിച്ച ഒരാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തുടരാൻ അനുവദിച്ചതിൽ ഒരു വിഭാഗം അണികൾക്ക് പ്രതിഷേധമുണ്ട്. ഇ പി ജയരാജനെ മാറ്റിയാൽ പകരം പി ജയരാജനെ പരിഗണിക്കേണ്ടി വരുമോ എന്ന ചിന്തയാണ് ഇ.പിക്ക് ഗുണമായി മാറിയത്. മാത്രമല്ല കണ്ണൂരിൽ നിന്ന് പി.ജയരാജന്റെ ജൂനിയറായ എം വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ കൊണ്ടുവരുന്നത് വഴി പി ജയരാജന്റെ രാഷ്ട്രീയ ഭാവി പൂർണമായും അടയ്ക്കുകയാണ് പിണറായി വിജയൻ ചെയ്തത്.
കണ്ണൂരിൽ പിണറായി വിജയനേക്കാൾ പാർട്ടി ആരാധകരുള്ള പി ജയരാജന് എതിരെ കടുത്ത നീക്കമാണ് കഴിഞ്ഞ കാലയളവിൽ നടന്നത്. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പരാജയം ഉറപ്പാക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ നേതൃത്വത്തിലും പാർലമെന്ററി ജീവിതത്തിലും ഇനി തിരിച്ചു വരവ് സാധ്യമല്ലെന്ന് അറിയുന്ന പി ജയരാജൻ പാർട്ടി സംസ്ഥാന ഘടകത്തിൽ മാന്യമായ പദവി പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തെ നിർദാക്ഷിണ്യം തഴഞ്ഞിരിക്കയാണ്.
അടുത്ത സമ്മേളനത്തിൽ പി ജയരാജന് പ്രായപരിധി വില്ലനാവും. കോഴിക്കോട് ജില്ലയിൽനിന്ന് ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രതീക്ഷ വെച്ച എ പ്രദീപ്കുമാർ, കെ.കെ ലതിക എന്നിവരെ ഒഴിവാക്കിയതിന് പിന്നിലും റിയാസിന്റെ അനിഷ്ടമാണ്. പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൽ തോമസ് ഐസക്കും കെ.കെ ശൈലജയും മാത്രമാണ് ഇനി റിയാസിന് മുൻപിലെ കടമ്പകൾ. പാർലമെന്റ് തെരഞെഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇരുവർക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സിറ്റ് ലഭിക്കാൻ ഇടയില്ല.
സമ്മേളനം ചർച്ച ചെയ്ത സംഘടനാ റിപോർട്ടിൽ റിയാസിന് അഭിനന്ദനവും സ്വരാജിനും തോമസ് ഐസക്കിനും വിമർശനവും ഉണ്ടായതും യാദൃശ്ചികമല്ല. പോളിറ്റ് ബ്യൂറോയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രി പദവിയിലും പ്രായത്തിന്റെ മാനദണ്ഡങ്ങൾ ഒന്നും ബാധിക്കാതെ തുടരുന്ന പിണറായി വിജയനും തനിക്ക് ഭീഷണിയാകുന്നവരെയെല്ലാം വെട്ടി നിരത്തുന്ന മുഹമ്മദ് റിയാസും സിപിഎം കേരള ഘടകത്തെ പൂർണ്ണമായും സ്വകാര്യ സ്വത്താക്കിയെന്ന് കൊല്ലം സമ്മേളനം അടിവരയിടുന്നു.