കണ്ണൂർ : തലശ്ശേരിയിൽ മീന്‍ കൊത്തേറ്റ കർഷകന്റെ കൈപ്പത്തി മുറിച്ചു മാറ്റി . ക്ഷീര കർഷകനായ രജീഷിന്റെ കൈപ്പത്തിയാണ് അണുബാധയെ തുടർന്ന് മുറിച്ച് മാറ്റിയത്. ഒരു മാസം മുൻപായിരുന്നു കുളം വൃത്തിയാക്കുന്നതിനിടെ രജീഷിന് മീനിന്റെ കൊത്തൽ ഏറ്റത്. കടു എന്ന ഇനത്തില്‍പ്പെട്ട മീനിന്റെ കുത്തേറ്റതായാണ് രജീഷ് പറയുന്നത്.
കൊത്തൽ ഏറ്റതിനെ തുടർന്ന് ആദ്യം കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവയ്പ്പെടുത്തിരുന്നു. പിന്നീട് കൈ ചലിപ്പിക്കാൻ സാധിക്കാതായതോടെ മാഹിയിലെ ആശുപത്രിയില്‍ ഇയാൾ ചികിത്സ തേടി. പിന്നാലെ കോഴിക്കോട്ടേക്ക് മാറ്റി.അപൂര്‍വമായാണ് ഈ അണുബാധ ഉണ്ടാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിരലുകളില്‍ നിന്ന് കൈപ്പത്തിയിലേക്ക് അണുബാധപടർന്നതോടെയാണ് കൈപ്പത്തി മുറിച്ചുമാറ്റിയത് .