സമീപകാലത്ത് കേരളം ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത കുറ്റകൃത്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. രക്തബന്ധങ്ങൾ പോലും നോക്കാതെ ലഹരിയുടെ കരുത്തിൽ പുതുതലമുറ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ചെറുതൊന്നുമല്ല.
പുതുവർഷം ആരംഭിച്ച ശേഷം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരുപാട് സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഈ കുറ്റകൃത്യങ്ങളുടെ എല്ലാം പിന്നാമ്പുറങ്ങളിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടെന്നതാണ് ശ്രദ്ധേയം. ലഹരി മാഫിയയ്ക്ക് ആരാണ് ചൂട്ടു പിടിക്കുന്നത് എന്ന ചോദ്യം വളരെയധികം പ്രസക്തമാവുകയാണ്.
കഴിഞ്ഞദിവസം രാത്രിയിൽ കളമശ്ശേരി പോളിടെക്നിക് കോളേജിൽ നടന്ന ലഹരി വേട്ട സമാനതകളില്ലാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത് ആകട്ടെ ഒരു ക്യാമ്പസിലെ വിദ്യാർത്ഥികളെ ആകെ നയിക്കുവാൻ ഉത്തരവാദിത്തപ്പെട്ട യൂണിയൻ ഭാരവാഹി കൂടിയായ ഒരാളുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ്.
കേരളം ഇന്ന് ഭരിക്കുന്ന സർക്കാരിന്റെ ഭാഗമായ വിദ്യാർത്ഥി സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഒരു ഭാരവാഹി ലഹരി കച്ചവടത്തിന്റെ ശൃംഖലയായ മാറുന്നുവെന്ന കാര്യം ഗൗരവകരമാണ്. 2 കിലോ കഞ്ചാവും അത് അളക്കുവാൻ ഉപയോഗിക്കുന്ന സാമഗ്രികളുമുൾപ്പെടെയാണ് പോലീസ് പിടികൂടിയത്. ലഹരിക്കെതിരെ സർക്കാരും സിപിഎമ്മും അവരുടെ വിദ്യാർത്ഥി യുവജന സംഘടനകളും കടുത്ത പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന കാലത്താണ് എസ്എഫ്ഐ നേതാവിന്റെ മുറിയിൽ നിന്നും 2 കിലോ കഞ്ചാവ് പിടികൂടുന്നത്. പിടികൂടിയതിനപ്പുറത്തേക്ക് പ്രതികളുടെ സംരക്ഷണത്തിനു വേണ്ടി സിപിഎമ്മും എസ്എഫ്ഐയും ഇടപെട്ടുവെന്ന വിവരമാണ് പുറത്തേക്ക് വരുന്നത്. പരിപൂർണ്ണമായും സ്വന്തം പ്രവർത്തകരെ വെള്ളപൂശുന്ന സമീപനമാണ് എസ്എഫ്ഐ സ്വീകരിച്ചത്.
ലഹരിക്കെതിരെയുള്ള എസ്എഫ്ഐയുടെ പോരാട്ടം ആത്മാർത്ഥമായിരുന്നുവെങ്കിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ തള്ളിപ്പറയുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനു തയ്യാറാകാതെ പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്ന സമീപനമാണ് ഈ കൂട്ടർ സ്വീകരിച്ചത്. ഇതൊരിക്കലും ലഹരി വലിയ വിനാശം സൃഷ്ടിച്ചിരിക്കുന്ന സമൂഹത്തിൽ ഭൂഷണം അല്ലെന്ന് നേതാക്കളും സർക്കാരും തിരിച്ചറിയേണ്ടതുണ്ട്.
നമ്മുടെ കോളേജുകൾ ഭൂരിഭാഗവും ഭരിക്കുന്നത് എസ് എഫ് ഐ യുടെ നേതൃത്വത്തിലുള്ള യൂണിയനുകൾ തന്നെയാണ്. സർക്കാർ ഹോസ്റ്റലുകൾ അടക്കി വാഴുന്നതും ഇവർ തന്നെ. ഇവരാരും അറിയാതെ ഒരു ഈച്ച പോലും കടക്കാത്ത ഇടങ്ങളിൽ ആണ് വലിയതോതിൽ ലഹരി സൂക്ഷിക്കപ്പെടുന്നത്. ആരെങ്കിലും കയ്യോടെ പിടിച്ചാൽ ഞാനൊന്നും അറിഞ്ഞില്ലെന്ന സമീപനം അരിയാഹരം കഴിക്കുന്ന ആര് വിശ്വസിക്കുവാനാണ്.
എസ് എഫ് ഐയെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുകയല്ല ഇവിടെ ആരും. തങ്ങൾക്ക് ശക്തി ഉള്ള ഇടങ്ങളിൽ മറ്റുള്ളവരും ഇങ്ങനെയൊക്കെയാകും. നാട്ടിൻപുറങ്ങളിൽ പോലും ലഹരിവസ്തുക്കളുടെ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. ലഹരി മരുന്നുകളുമായി പലരും പിടിയിലാകുന്നുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ തുടർച്ചയായി മാധ്യമങ്ങളിൽ വരുന്നുമുണ്ട്.
കഞ്ചാവ് പിടിച്ചു, എംഡിഎംഎ പിടിച്ചു തുടങ്ങിയ റിപ്പോർട്ടുകൾക്ക് യാതൊരു ക്ഷാമവുമില്ല. അപ്പോഴും വിൽപ്പന നടത്തുന്നതിന്റെ എത്രയോ ചെറിയ ഭാഗം മാത്രമാണു പിടികൂടുന്നത് എന്ന വസ്തുത മറക്കരുത്. ഈ സാമൂഹിക വിപത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഇപ്പോഴുള്ള പ്രവർത്തനങ്ങൾ തീർത്തും പോരാ എന്നതിൽ സംശയമൊന്നുമില്ല. എങ്ങനെയൊക്കെയാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്ന് ആവർത്തിച്ചു ചർച്ച ചെയ്യുകയും പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണം.
കായംകുളം എംഎൽഎ പ്രതിഭയുടെ മകനെ ലഹരിവസ്തുവുമായി പിടികൂടിയപ്പോൾ പിന്നീട് നടന്ന സംഭവവികാസങ്ങൾ നമ്മുടെ ഓർമ്മയിൽ ഉണ്ട്. ലഹരിക്കെതിരെ സധൈര്യം നടപടികളുമായി മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പ്രതിഫലവും നാം കണ്ടിട്ടുള്ളതാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന്റെ യുവജന വിദ്യാർത്ഥി സംഘടനകളും ലഹരിക്കെതിരെ ഒട്ടേറെ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമ്പോഴും ലഹരി മാഫിയയെ തലോടുന്ന സമീപനം തന്നെയാണ് താഴെത്തട്ടിൽ ഇടനില നേതാക്കൾ സ്വീകരിക്കുന്നത്. സംസ്ഥാന തലത്തിൽ പ്രഹസനമായി എന്തെങ്കിലും നടത്തുന്നതിന് അപ്പുറത്തേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആത്മാർത്ഥതയോടെ ലഹരിയെ നേരിടുകയാണ് അഭികാമ്യം.