ആലപ്പുഴ: ഹരിപ്പാട് പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിങ്കളാഴ്ച വൈകുന്നേരം പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവിലുണ്ടായ അപകടത്തിൽ തോട്ടപ്പള്ളി ഒറ്റപ്പന ആർദ്രം വീട്ടിൽ ജോയിയുടെ മകൻ ആൽബിൻ (14), കരുവാറ്റ സാന്ദ്രാ ജംഗ്ഷൻ പുണർതം വീട്ടിൽ അനീഷിന്റെ മകൻ അഭിമന്യു (14) എന്നിവരാണ് മരിച്ചത്.
ആൽബിൻ തോട്ടപ്പള്ളി മലങ്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും അഭിമന്യു കരുവാറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ആൽബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ടു കൂട്ടുകാരുണ്ടായിരുന്നു.
രണ്ടുസംഘങ്ങളായി വന്നവർ ഒരേ കടവിൽ കുളിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.