വാഷിങ്ടന്‍: ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും 10 ശതമാനത്തോളം അധിക നിരക്കുകളാണ് പ്രഖ്യാപിച്ചത്. വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ പ്രസംഗത്തില്‍ ഡോണള്‍ഡ് ട്രംപ് പകരച്ചുങ്കത്തിന്റെ പട്ടികയും പ്രദര്‍ശിപ്പിച്ചു.
പകരച്ചുങ്കത്തിന് വിധേയമാകുന്ന എല്ലാ രാജ്യങ്ങളുടേയും പട്ടികയില്‍ റഷ്യയുടെ പേര് ഇല്ല. റഷ്യയ്ക്കുമേലുള്ള യുഎസിന്റെ ഉപരോധങ്ങള്‍ ഇതിനകം തന്നെ റഷ്യയുമായുള്ള വ്യാപാരത്തെ തടയുന്നുണ്ടെന്ന കാരണത്താലാണ് ഈ പട്ടികയില്‍നിന്ന് റഷ്യ ഒഴിവാക്കപ്പെട്ടതെന്ന് യുഎസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ പറയുന്നു.
ട്രംപിന്റെ നികുതി പട്ടികയില്‍ ഉള്‍പ്പെട്ട മൗറീഷ്യസ്, ബ്രൂണേ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ കച്ചവടം യുഎസും റഷ്യയും തമ്മില്‍ നടക്കുന്നുണ്ട്. എന്നിട്ടും റഷ്യയെ പകരച്ചുങ്കത്തില്‍നിന്ന് ഒഴിവാക്കി.
ക്യൂബ, ബെലാറുസ്, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലില്ല. ഈ രാജ്യങ്ങള്‍ക്ക് മേല്‍ നിലവില്‍ ചുമത്തിവരുന്ന ചുങ്കവും ഉപരോധങ്ങളും തന്നെ ധാരാളമാണെന്നതിനാലാണ് അവയെ ഒഴിവാക്കിയത്. യുക്രൈന്-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥ ചര്‍ച്ച നടത്തുന്ന യുഎസിനോട് ഉപരോധങ്ങളില്‍ ചിലത് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റഷ്യയ്ക്കുമേല്‍ സെക്കന്‍ഡറി താരിഫ് ചുമത്തുമെന്ന് പറഞ്ഞ് ട്രംപ് അടുത്തിടെ ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.