മുസാഫര്‍പൂര്‍:വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി, 6 പേര്‍ക്കെതിരെ കേസ്.
ദളിത് വിഭാഗത്തിലുള്ള 14കാരിയുടെ കൊലപാതകം വലിയ രീതിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായതിന് പിന്നാലെയാണ് ആറ് പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്.
സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ യുവാവ് പെണ്‍കുട്ടിയെ കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു.
നേരത്തെ വിവാഹം ചെയ്യണമെന്ന താല്പര്യവുമായി ഇയാള്‍ കുടുംബത്തെ സമീപിച്ചിരുന്നു.എന്നാല്‍ താല്പര്യത്തോട് പെൺകുട്ടി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു.ഓഗസ്റ്റ് 11ന് രാത്രിയില്‍ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.ഓഗസ്റ്റ് 12 രാവിലെ സമീപത്തെ കുളത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്.വായ് മൂടി കെട്ടിയ നിലയില്‍ ശരീരമാസകലം പരിക്കുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി കൈകളും കാലും കെട്ടി 14കാരിയെ കുളത്തില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന പരാതി.