വാഷിങ്ടൺ : അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസിൽ 15 കാരൻ അറസ്റ്റിൽ. ഒരു കുടുംബത്തിലെ തന്നെ അഞ്ച്പേരെയാണ് കൊലപ്പെടുത്തിയത്. വാഷിങ്ടണിൽ സിയാറ്റിലിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഫാൾ സിറ്റിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടി. വെടിവെപ്പ് ഗാർഹിക പീഡനമായി കണക്കാക്കി ഹോമിസൈഡ് ഡിറ്റക്ടീവുകൾ(കൊലപാതകങ്ങൾ തെളിയിക്കുന്ന ക്രിമിനൽ അന്വേഷകൻ)സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മൈക്ക് മെല്ലിസ് വ്യക്തമാക്കി.
കൊല്ലപ്പെട്ടവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയൽക്കാരും മറ്റ് ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച് അഞ്ച് കുട്ടികളും രണ്ട് മുതിർന്നവരും ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ്.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൗമാരക്കാരനായ പ്രതി ഇപ്പോൾ കിങ് കൗണ്ടിയിലെ ജുവനൈൽ തടങ്കലിൽ കഴിയുകയാണ്. ബുധനാഴ്ച വിചാരണക്കായി കോടതിയിൽ ഹാജരാക്കും.