ഡെറാഡൂണ്‍: ഡിജിറ്റല്‍ അറസ്റ്റ് വഴി രണ്ടര കോടിയോളം തട്ടിയ കേസില്‍ 19കാരനെ അറസ്റ്റ് ചെയ്തു. ഡെറാഡൂണ്‍ സ്വദേശിയായ പ്രതി നീരജ് ഭട്ടാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ ജയ്പൂരില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ ക്രൈം ഡിപ്പാര്‍ട്മെന്റിലെ ഓഫീസര്‍ ചമഞ്ഞാണ് പ്രതി പണം തട്ടിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ അംഗമാണ് നീരജ്.
അപരിചിത നമ്പറില്‍ നിന്നും പ്രതി വാട്സ്ആപ് കാള്‍ ചെയ്യുകയും ബാങ്ക് അക്കൗണ്ടില്‍ കള്ളപണമുണ്ടെന്നും കള്ളപ്പണം വെളിപ്പിച്ചതിന് അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞു. വിവരം മറ്റാരോടും പറയരുതെന്നും പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടിയും പിഴ അടക്കേണ്ടിയും വരുമെന്നും പ്രതി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ടര കോടിയോളം രൂപ നിരഞ്ജന്‍പൂര്‍ സ്വദേശി തട്ടിപ്പുകാരന് അയച്ചു കൊടുത്തു.
എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് താന്‍ തട്ടിപ്പിനിരയായ കാര്യം മനസിലായത്. പണം തട്ടാന്‍ പ്രതി ഉപയോഗിച്ച അക്കൗണ്ടിന്റെ വിവരങ്ങളും ഫോണ്‍ നമ്പറും ബാങ്കിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.