ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് മൃതദേഹ ഭാഗം കണ്ടെത്തി.തേന്‍ ശേഖരിക്കാന്‍ വനത്തിലേക്ക് പോയവരാണ് പരപ്പന്‍പാറ ഭാഗത്തുനിന്ന് മരത്തില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹ ഭാഗം കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് പരപ്പന്‍പാറയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചൂരല്‍മലയില്‍ ക്യാമ്പ് ചെയ്യുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് പരപ്പന്‍പാറയിലേക്ക് തിരിച്ചിരിക്കുന്നത്.
ചൂരല്‍മലയില്‍ നിന്നും സൂചിപ്പാറയും കഴിഞ്ഞ് താഴെയുള്ള പ്രദേശമാണ് പരപ്പന്‍പാറ. വനത്തിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നടക്കാനുണ്ടെന്നും അതിനാല്‍ സംഘം എത്തി മൃതദേഹഭാഗമെടുക്കുന്നത് ദുഷ്കരമായേക്കാമെന്നും തൊഴിലാളികള്‍ പറയുന്നു.
പ്രദേശത്ത് തിരച്ചില്‍ നിര്‍ത്തയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹഭാഗം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആരുടേതെങ്കിലും ആണോ എന്ന് സ്ഥിരീകരിക്കാനാകൂ.