ഒടുവില്‍ ഒരു കാര്യത്തില്‍ തീരുമാനമായിരിക്കുന്നു. എന്‍ സി പിയില്‍ മന്ത്രിമാറ്റമുണ്ടാവില്ലായെന്ന്. കുട്ടനാട് എം എല്‍ എ മന്ത്രിയാവാനായി നടത്തിയ എല്ലാ നീക്കങ്ങള്‍ക്കും തിരിച്ചടിയായിരിക്കുന്നു. കൂറുമാറാനായി രണ്ട് എം എല്‍ എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തെന്ന ഗുരുതരമായ ആരോപണമാണ് തോമസ് കെ തോമസിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ കരിനിഴല്‍ വീഴ്ത്തുന്നത്.
കോവൂര്‍ കുഞ്ഞുമോന്, ആന്റണി രാജു എന്നീ എം എല്‍ എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തെന്നാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

അജിത് പവാര്‍ വിഭാഗത്തോടൊപ്പം നില്‍ക്കാനായാണ് തോമസ് കെ തോമസ് ഈ രണ്ട് എം എല്‍ എമാര്‍ക്ക് കോടികള്‍ കോഴ വാഗ്ദാനം ചെയ്തതെന്നാണ് സി പി എമ്മിന്റെ ആരോപണം. തോമസ് കെ തോമസിന് മന്ത്രി സ്ഥാനം ലഭിക്കാത്ത സാഹചര്യം വന്നതോടെയാണ് എം എല്‍ എമാരെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതെന്നും പറയപ്പെടുന്നു.
ആര് എസ് പി ഇടതുപക്ഷത്തോട് വിടപറഞ്ഞപ്പോഴും എല്‍ ഡി എഫ് പക്ഷത്തോടൊപ്പം നിലയുറപ്പിച്ച എം എല്‍ എയായിരുന്നു കോവൂര്‍ കുഞ്ഞുമോന്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആന്റണി രാജുവിനെയാണ് തോമസ് കെ തോമസ് ലക്ഷ്യമിട്ട മറ്റൊരു എം എല്‍ എ. ഈ രണ്ട് എം എല്‍ മാര്‍ക്കും മറ്റൊരു പക്ഷത്തേക്ക് കൂറുമാറാന്‍ ബുദ്ധിമുട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ് ഈ നീക്കത്തിന് തുടക്കമിട്ടതെന്നാണ് സി പി എം ആരോപിക്കുന്നത്.
എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിനൊപ്പം പോവാനുള്ള ചര്‍ച്ചകള്‍ നടത്തിയ തോമസ് കെ തോമസിനെ ഔദ്യോഗിക പക്ഷത്തിനൊപ്പം നിലനിര്‍ത്താന്‍ പിന്നീട് പി സി ചാക്കോ ശ്രമം നടത്തുകയും മന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. മന്ത്രി സ്ഥാനം വച്ചുമാറുന്നതിനായി ദേശീയ നേതൃത്വവുമായും ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും മന്ത്രി സ്ഥാനത്തുനിന്നും മാറാന്‍ ഏ കെ ശശീന്ദ്രന് തയ്യാറായില്ല.
മന്ത്രിയെ മാറ്റിയേ തീരൂ എന്ന നിലപാടില്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയും ഉറച്ചു നില്‍ക്കുകയും മാസങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിസ്ഥാനം തോമസ് കെ തോമസിന് കൈമാറാന്‍ ദേശീയ നേതൃത്വം ശക്തമായ നിലപാട് പ്രഖ്യാപിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും മന്ത്രി സ്ഥാനം മാറാന്‍ തയ്യാറാണെന്നും ഏ കെ ശശീന്ദ്രന് പ്രഖ്യാപിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടേ കൂടി തീരുമാനം അനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്നും തന്നെ മന്ത്രിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഏ കെ ശശീന്ദ്രന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നീല് മറ്റെന്തോ നീക്കമുണ്ടെന്ന് അന്നേ വ്യക്തമായതാണ്.
തോമസ് കെ തോമസിനെതിരെ ചില ആരോപണങ്ങള്‍ ഉണ്ടെന്നും അക്കാര്യത്തില്‍ ചില വ്യക്തതകള്‍ വരുത്തിയതിനു ശേഷം മന്ത്രി മാറ്റത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ മന്ത്രിക്കുപ്പായം തയ്ച്ചു സത്യപ്രതിജ്ഞയുടെ തീയതി കുറിക്കാനായി സെക്രട്ടറിയേറ്റില്‍ എത്തിയ തോമസ് കെ തോമസിന് തിരിച്ചടിയായി.
തോമസ് കെ തോമസ് പണം വാഗ്ദാനം ചെയ്തുവെന്ന് മുന്‍ മന്ത്രി കൂടിയായ ആന്റണി രാജുവും കോവൂര്‍ കുഞ്ഞുമോനും സി പി എം നേതാക്കളോട് വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ ഗുരുതരമായി.
മന്ത്രി സ്ഥാനത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പോരാട്ടം നടത്തിയ കുട്ടനാട് എം എല്‍ എയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആന്റണി രാജു കുട്ടനാട് സീറ്റ് ലക്ഷ്യമിട്ടാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് തോമസ് കെ തോമസിന്റെ പ്രതികരണം.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
എന്നാല്‍ വിഷയം വളരെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയും സി പി എം നേതൃത്വവും കാണുന്നത്. തോമസ് കെ തോമസിനോട് എം എല്‍ എ സ്ഥാനം ഒഴിയുന്നതിനുവരെ ആവശ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ആരോപണത്തില്‍ തോമസ് കെ തോമസിനെതിരെ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നിരിക്കുന്ന കൂറുമാറ്റത്തിന് കോഴ വാഗ്ദാനം നല്‍കിയെന്ന ആരോപണം ഇടതുമുന്നണിയിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.
ഇടതുമുന്നണി എം എല്‍ എ യായ തോമസ് കെ തോമസ് ഇടതുമുന്നണിയിലെ തന്നെ രണ്ട് എം എല്‍ എ മാരെ കൂറുമാറ്റാനായി ശ്രമം നടത്തിയെന്ന ആരോപണം വരും ദിവസങ്ങളില്‍ വലിയ വിവാദങ്ങളിലേക്ക് വഴിമാറും. അജിത് പവാര്‍ വിഭാഗം ബി ജെി പിക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയായതിനാല്‍ തോമസ് കെ തോമസിനെതിരെ വലിയ നീക്കങ്ങള്‍ക്കാണ് സാധ്യത. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും എല്‍ ഡി എഫും ഏറെ ഗൗരവത്തോടെയാണ് കോഴ വിഷയത്തെ കാണുന്നത്.
സംസ്ഥാനത്ത് 27 വരെ മഴ കനക്കും ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തോമസ് കെ തോമസിനെ മന്ത്രിയാക്കാനായി ഇറങ്ങിപ്പുറപ്പെട്ട എന്‍ സി പി സംസ്ഥാന അധ്യക്ഷനും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമായ പി സി ചാക്കോയും കോഴയാരോപണത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. നൂറ് കോടി ഉപയോഗിച്ച് കേരളത്തിലെ രണ്ട് എം എല്‍ എമാരെ ചാക്കിടാന്‍ ശ്രമിച്ചെന്ന അജിത് പവാര്‍ വിഭാഗത്തിനെതിരെയുള്ള ആരോപണം മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും വലിയ രാഷ്ട്രീയ വിവാദമായി ഉയരും.
കോണ്‍ഗ്രസും പവാര്‍ വിഭാഗവും അജിജ് പവാര്‍ വിഭാഗത്തിനും എന്‍ ഡി എയ്ക്കും എതിരായുള്ള രാഷ്ട്രീയായുധമായി കോഴ വിവാദത്തെ ഉപയോഗിക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.