ചെന്നൈ: ഹൊസൂരിലെ ടാറ്റയുടെ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. സെൽഫോൺ നിർമാണ യൂണിറ്റിലാണ് ആദ്യ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ കമ്പനിയിൽ നിന്നും ജീവനക്കാരെ ഒഴിപ്പിക്കുകയായിരുന്നു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
തീപിടിത്തത്തിൽ വലിയ നാശനഷ്ടമുണ്ടായെന്നാണ് വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നത്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് തുടരുകയാണ്. തീപിടിത്തമുണ്ടായ സമയത്ത് 1500ഓളം ജീവനക്കാർ കമ്പനിയിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
തീപിടിത്തമുണ്ടായ വിവരം ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തമുണ്ടായ ഉടൻ എമർജൻസി പ്രോട്ടോകോൾ നടപ്പാക്കിയെന്നും ഉടൻ ജീവനക്കാരെ ഒഴിപ്പിച്ചുവെന്നും കമ്പനി വക്താവ് വ്യക്തമാക്കി.