കുവൈത്ത് : കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യത്തെ പിന്തുണക്കാനുള്ള ശ്രമങ്ങളിൽ കുവൈത്ത് ഉറച്ചുനിൽക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ അറബ് കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ അഹ്മദ് അൽ ബക്കർ.
കുവൈത്തിൽ നടന്ന ഗസ്സയെക്കുറിച്ചുള്ള സിമ്പോസിയം ഫലസ്തീന് ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫലസ്തീന് പൂർണ പിന്തുണയും സഹായവും തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് കുവൈത്ത്.
പ്രാദേശികവും അന്തർദേശീയവുമായി കുവൈത്ത് എല്ലായ്പോഴും ഈ ലക്ഷ്യത്തെ പിന്തുണക്കുന്നു. ഗസ്സക്കെതിരായ ക്രൂരമായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയിൽ 1.9 ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് യു.എൻ റിപ്പോർട്ടുകളെ ഉദ്ധരിച്ച് കുവൈത്തിലെ ഐ.ഒ.എം ചീഫ് ഓഫ് മിഷൻ മാസൻ അബുൽ ഹുസൈൻ പറഞ്ഞു. ഈ സംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
70 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകർന്നതിനാൽ ഗസ്സയിലേത് വൻ ദുരന്തമാണ്. ആശുപത്രികളുടെ എണ്ണം ചുരുങ്ങുകയും അപകടത്തിൽപ്പെട്ടവരുടെയും മരിച്ചവരുടെയും എണ്ണം വർധിക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 21 മില്യൺ ഡോളർ ചെലവഴിച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) എക്സിക്യൂട്ടിവ് കമ്മിറ്റി മേധാവി ജമാൽ അൽ നൂറി വ്യക്തമാക്കി.
6,000 ടണ്ണിലധികം വസ്തുക്കൾ ഗസ്സയിലെത്തിക്കാൻ കെ.എസ്.ആറിന് കഴിഞ്ഞു. ഗസ്സയിലെ ആശുപത്രികളിൽ 420 ശസ്ത്രക്രിയകൾ സംഘം നടത്തി. ഈ ഏപ്രിലിൽ 10 ടൺ വൈദ്യസഹായവും മരുന്നുമായി കെ.എസ്.ആർ ടീമുകൾ രണ്ടു തവണ ഗസ്സയിൽ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.