തിരുവനന്തപുരം: ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില ഒരു പവന് 61,640 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില 2,782 ഡോളറിലേക്കു താഴ്ന്നതും രൂപയുടെ വിനിമയ നിരക്ക് 87.17 രൂപയായതുമാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് പ്രധാനകാരണമായത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില 1,880 രൂപ വരെ ഉയർന്നിരുന്നു, ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്. അതേസമയം, സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 67,000 രൂപ നൽകേണ്ടിവരും.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 7,705 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6,365 രൂപ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവില താഴ്ന്നെങ്കിലും വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് മൂന്നു രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വെള്ളിയുടെ വിപണി വില ഗ്രാമിന് 104 രൂപയായി ഉയർന്നു.