തൃശ്ശൂർ : തൃശ്ശൂർ തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. കൂട്ടുപാത സ്വദേശി ഇന്ദിരാദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേകാലോടെയാണ് അപകടം ഉണ്ടായത്. വളവിൽ ബസ് തിരിയുമ്പോൾ സീറ്റിൽ ഇരുന്ന ഇന്ദിര ദേവി തെറിച്ചുവീഴുകയായിരുന്നു.
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന മർവ എന്ന ബസിൽ നിന്നാണ് ഇന്ദിരാദേവി തെറിച്ചു വീണത്. പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബ്രേക്ക് ചവിട്ടിയെന്നാണ് ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി. പെട്ടെന്ന് ബ്രേക്കിട്ടതോടെ ഇന്ദിരാദേവി തെറിച്ചു വീഴുകയായിരുന്നു.