കൊല്ലം: മൈനാഗപ്പള്ളിയിലെ യുവതിയെ കാര്‍ കയറ്റിക്കൊന്ന കേസില്‍ പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിലാണ് അജ്മലിന്റെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
ജഡ്ജി ഗോപകുമാറാണ് ജാമ്യാപേക്ഷ തളളിയത്. കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതെ കോടതി അപേക്ഷ തള്ളുകയായിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമായിരുന്നു പൊലീസ് ചുമത്തിയത്. ട്രാപ്പില്‍ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.