പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കിണറില്‍ തൂങ്ങിമരിച്ചു. പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം. നടുവട്ടം പറവാടത്ത് വളപ്പില്‍ ഷൈബു (35) ആണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാൻ കരിമ്പ പാലക്കപ്പീടികയിലെ ഭാര്യ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് ഷൈബു എത്തുന്നത്.
ഭാര്യ കൂടെ വരാൻ തയ്യാറാവാതിരുന്നതോടെ വീടിൻ്റെ മുറ്റത്ത് നിന്ന ഷൈബു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ ബന്ധുക്കള്‍ മോട്ടോർ പമ്പ് ചെയ്തും വെള്ളം കോരി ഒഴിച്ചും തീ കെടുത്തുകയായിരുന്നു. തീ അണഞ്ഞ ഉടൻ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി താൻ വന്ന ഇരുചക്ര വാഹനത്തില്‍ കയറി ഓടിച്ച് പോവുകയായിരുന്നു.
ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും റോഡിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വെള്ളിയാഴ്ച പുലർച്ചെയോടെ ഷൈബുവിൻ്റെ ബൈക്ക് പാലക്കപ്പീടികയിലെ കച്ചവട സ്ഥാപനത്തിൻ്റെ പുറക് വശത്തെ കിണറിന് സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറില്‍ തൂക്കിയിട്ടിരുന്ന മോട്ടോറിൻ്റെ കയർ ഉപയോഗിച്ച് കിണറിനകത്ത് തുങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തുന്നത്.
പട്ടാമ്പിയിൽ നിന്നും ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് മൃതദേഹം കിണറില്‍ നിന്നും പുറത്തെത്തിച്ചത്. ചാലിശ്ശേരി പോലീസും ഫോറൻസിക്ക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി