ഒട്ടേറെ കായിക താരങ്ങളെ സർവ്വ മേഖലകളിലും സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. കഴിഞ്ഞ കുറെ നാളുകളായി കായിക രംഗത്ത് കേരളം വല്ലാത്ത കുതിപ്പാണ്. പക്ഷെ ആ കുതിപ്പ് മുന്നോട്ടല്ല, പിന്നോട്ടാണെന്ന് മാത്രം. ഉത്തരാഖണ്ഡിൽ നടന്ന മുപ്പത്തെട്ടാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ മോശം പ്രകടനത്തെച്ചൊല്ലിയാണ് ഏറ്റവും ഒടുവിൽ വിവാദം കൊട്ടിക്കയറുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സ്പോർട്സ് മന്ത്രിയും സർക്കാരും മുതൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വരെ തമ്മിൽ തല്ലുകയാണ്.
സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ അടക്കം സർക്കാരിന്റെ സ്പോർട്സ് ഭരണ സംവിധാനങ്ങളെയാണ് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ കുറ്റപ്പെടുത്തുന്നത്. കായിക താരങ്ങൾക്കും സ്പോർട്സിനും ആവേശവും പ്രോത്സാഹനവും നൽകുന്ന നടപടികൾ സ്വീകരിക്കാൻ കായിക വകുപ്പിന് കഴിയുന്നില്ലെന്ന ആരോപണം ഇതാദ്യമായല്ല ഉയരുന്നത്. വർഷങ്ങളായി ഇതു കേൾക്കാൻ തുടങ്ങിയിട്ട്.
പല കായിക ഇനങ്ങളിലും ഒരു കാലത്ത് രാജ്യത്തെ പ്രധാന ശക്തിയായിരുന്ന കേരളം ഇന്ന് ഈ നിലയിൽ തളർന്നു പോയതിൽ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് ആർക്കും പറയാനാവില്ല. കഴിഞ്ഞ ഒരു ദശകക്കാലത്തിനിടെ സ്പോർട്സ് വളർത്തുന്നതിൽ കായിക മന്ത്രാലയത്തിന്റെ സംഭാവന എന്തുമാത്രമുണ്ടെന്നു വിശദമായ പരിശോധന നടത്തേണ്ടത് അനിവാര്യതയാണ്. ഗെയിംസ് തയാറെടുപ്പുകൾക്കായി സംസ്ഥാന സർക്കാർ പണം അനുവദിക്കാൻ വൈകിയത് കായിക അസോസിയേഷനുകൾക്കു പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ക്യാംപുകൾ നടത്താൻ പോലും അതു തടസമായി എന്നാണു പറയുന്നത്. വേണ്ടത്ര തയാറെടുപ്പില്ലാതെ പലയിനങ്ങളിലും മത്സരിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതേസമയം, പരിശീലനത്തിന് പണം അനുവദിക്കുമെന്ന് ഡിസംബറിന്റെ തുടക്കത്തിൽ തന്നെ ഉറപ്പുനൽകിയതാണെന്ന് സ്പോർട്സ് കൗൺസിൽ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഒരു മാസത്തെ പരിശീലനം നൽകണമെന്നു നിർദേശം നൽകിയിരുന്നുവെന്നും മിക്ക സംഘടനകളും പരിശീലന ക്യാംപുകൾ നടത്തിയെന്നും അവർ അവകാശപ്പെടുന്നു. പണം കിട്ടിയാലേ പരിശീലനം തുടങ്ങൂവെന്നു വാശിപിടിക്കുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വിവിധ കായിക അസോസിയേഷനുകളുടെ പ്രവർത്തനം പരിശോധിക്കുമെന്നാണ് സ്പോർട്സ് കൗൺസിൽ പറയുന്നത്.
കായിക മന്ത്രാലയത്തിന്റെയും തങ്ങളുടെയും കുറ്റമല്ല ദേശീയ ഗെയിംസിലെ തിരിച്ചടിയെന്നും സ്പോർട്സ് കൗൺസിൽ വിശദീകരിക്കുന്നുണ്ട്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മത്സരയിനങ്ങളിൽ നിന്ന് കളരിപ്പയറ്റിനെ കരുതിക്കൂട്ടി ഒഴിവാക്കിയതാണ് കേരളത്തിനു പ്രഹരമായതെന്ന് സ്പോർട്സ് കൗൺസിൽ വൃത്തങ്ങൾ വാദിക്കുന്നു. കഴിഞ്ഞ തവണ 19 സ്വർണം അടക്കം 22 മെഡൽ നേടിയ കളരിപ്പയറ്റ് ഇക്കുറി ഇല്ലാതായതിന്റെ ക്ഷീണം തീർച്ചയായും കേരള ടീമിനുണ്ട്.
സംസ്ഥാന ഒളിംപിക് അസോസിയേഷൻ കൂടി കൂട്ടുനിന്നിട്ടാണ് ഇത്തവണ കളരിപ്പയറ്റിനെ ഒഴിവാക്കിയതെന്നാണ് ആരോപണം. ദേശീയ ഗെയിംസിൽ കേരളത്തിനു മികച്ച സ്ഥാനം കിട്ടാതിരിക്കാനാണ് ഈ പണി ചെയ്തതെന്നും ആരോപണമുണ്ട്. ഒളിംപിക് അസോസിയേഷൻ കായിക താരങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും സ്പോർട്സ് കൗൺസിലിനും സംസ്ഥാന കായിക വകുപ്പിനും അനുകൂലമായി സംസാരിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് പി.ടി. ഉഷയാണുള്ളത്. കേരളം മെഡൽക്കൊയ്ത്തു നടത്തുന്ന ഒരു കായികയിനം ദേശീയ ഗെയിംസിൽ നിലനിർത്തുന്നതിന് ഉഷ തയാറായില്ലെന്നാണ് സ്പോർട്സ് മന്ത്രി അബ്ദുറഹിമാൻ കുറ്റപ്പെടുത്തുന്നത്.
കായിക രംഗത്ത് മലയാളികളുടെ മുഴുവൻ എന്നല്ല രാജ്യത്തിന്റെയാകെ അഭിമാനമാണ് പി.ടി. ഉഷ. അവർ ഐഒഎ പ്രസിഡന്റ് സ്ഥാനത്തിരിക്കെ ഇങ്ങനെയൊരു ആരോപണം കേൾക്കേണ്ടിവരുന്നതു നിരാശാജനകമാണെന്നാണ് മന്ത്രി പറയുന്നത്. എന്തായാലും കളരിപ്പയറ്റ് ഒഴിവായപ്പോൾ കനത്ത തിരിച്ചടിയാണു കേരളത്തിനുണ്ടായത്. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമാണ് ഇക്കുറി കേരളത്തിന് ആകെ കിട്ടിയത്. മൊത്തം 54 മെഡൽ.
ഓവറോൾ നിലയിൽ പതിനാലാം സ്ഥാനത്തായിരുന്നു കേരളം. ദേശീയ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന്. കഴിഞ്ഞ തവണ 36 സ്വർണം ഉൾപ്പെടെ 87 മെഡലുകളോടെ അഞ്ചാം സ്ഥാനത്തെത്തിയതാണ്. ഉത്തരാഖണ്ഡിൽ പലയിനങ്ങളിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. അത്ലറ്റിക്സിൽ നേടാനായതു 2 സ്വർണം മാത്രമാണ്. ഇതിനു പുറമേ 3 വെള്ളിയും 8 വെങ്കവും നേടി. എന്തായിരുന്നെങ്കിലും ഒരു കാലത്ത് ഇന്ത്യൻ അത്ലറ്റിക്സിൽ സ്വർണവേട്ട നടത്തിയ കേരളമാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്ന് നാം ഓർക്കണം