തെലുങ്ക് സമുദായത്തിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ നടി കസ്തൂരി അറസ്റ്റിൽ. ഒളിവിൽ പോയിരുന്ന നടിയെ ഹൈദരാബാദിൽ നിന്ന് തമിഴ്നാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നടിയെ 29 വരെ കോടതി റിമാൻഡ് ചെയ്തു. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. താരത്തിന്റെ വിവാദ പരാമർശത്തിനെ കടുത്ത ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തു.
അടുത്തിടെ ചെന്നൈയിൽ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പ്രകടനത്തിലാണ് നടിയുടെ വിവാദ പരാമര്‍ശമുണ്ടായത്. വർഷങ്ങൾക്ക് മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബി ജെ പി അനുഭാവിയായ നടിയുടെ പരാമർശം. തുടർന്ന് നിരവധി പരാതികളണ് നടിയ്ക്കെതിരെ ഉയർന്ന് വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
തെലുങ്ക് സംസാരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തും വിധം പൊതുപരിപാടിയില്‍ സംസാരിച്ചു എന്നാണ് നടിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. പ്രസംഗത്തിലെ വാക്കുകൾ ആരെയും ഭിന്നിപ്പിക്കാനാകരുതെന്നും സമൂഹത്തിന്റെ വികസനത്തിനുള്ളതാകണമെന്നും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കിയിരുന്നു.