കൊച്ചി: വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി.കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിലെ അധ്യാപകരെ സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. അധ്യാപികയായ ആർ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.
കൊച്ചി കാക്കനാട് തെങ്ങോട് സർക്കാർ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സഹപാഠികളുടെ ക്രൂരതയില്‍ രണ്ടാഴ്ചയായി ശാരീരികവും മാനസികവുമായി തളര്‍ന്നിരിക്കുന്നത്. ക്രൂരമായ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പെൺകുട്ടിയും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്കൂളിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടർന്നാണ് അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചത് .