- ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശ്ശൂർ സിറ്റി പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തൃശ്ശൂർ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലൻസിൽ തിരുവമ്പാടിയിൽ എത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നത്. ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഒ എൻഫോസ്മെൻറ് ഓഫീസറോഡാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
- മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാൻ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിശദമാക്കിക്കൊണ്ട് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ഐകകണ്ഠേന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
- മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ. മുഖ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
- മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം . എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചായിരുന്നു കേസെടുത്തത്.
- നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി സിഎസ് ഡയസ് വിധി പറഞ്ഞത്. മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി നിയമപരമായി നില നിലനിൽക്കില്ലെന്നുമാണ് ജസ്റ്റിസ് സി എസ് ഡയസ് പറഞ്ഞത്.
- വെർച്വൽ അറസ്റ്റെന്ന് പറഞ്ഞ് നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം. കൊറിയർ തടഞ്ഞു വച്ചെന്നു പറഞ്ഞായിരുന്നു സൈബർ തട്ടിപ്പിന് ശ്രമം നടത്തിയത്. വ്യാജ ഐഡി കാർഡ് അടക്കം നൽകി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തയ്വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെർച്വൽ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും പണം തട്ടുന്നതിന് മുൻപു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാർവതി പറഞ്ഞു.
- സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലം ജില്ലയിൽ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിന്റെ കാര്യത്തിലും ഗുരുതരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ കടുപ്പിച്ചു. നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നുള്ള ന്യൂനമർദപാത്തി തെക്കൻ കേരളത്തിന് കുറുകെയായി നിലനിൽക്കുന്നുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കാനാണ് സാധ്യത. വ്യാഴാഴ്ച 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
- ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. അടുത്ത ദിവസങ്ങളിൽത്തന്നെ ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രണ്ടാംതവണയാണ് ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുന്നത്.
- 2024ലെ സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്. ഡാരൻ എയ്സ്മൊഗ്ലു, സൈമൺ ജോൺസൺ, ജെയിംസ് എ.റോബിൻസൺ എന്നിവർക്കാണ് പുരസ്കാരം.
ഇന്നത്തെ പ്രധാനവാര്ത്തകള്
മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം
Leave a comment