കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന, ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ജയസൂര്യയുടെ രണ്ട് മുൻകൂർജാമ്യ ഹരജികളും ഈ മാസം 23ന് പരിഗണിക്കാൻ മാറ്റി.
‘പിഗ്മാൻ’ സിനിമയുടെ ലൊക്കേഷനിൽവെച്ച് കയറിപ്പിടിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിൽ എടുത്തതാണ് ഒരു കേസ്. ആദ്യം കരമന പൊലീസെടുത്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടർന്ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കൈമാറി. സിനിമയുടെ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തതാണ് മറ്റൊരു കേസ്.
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയത്. രണ്ട് ഹരജികളിലും ജാമ്യത്തെ എതിർത്ത് സർക്കാറിന് റിപ്പോർട്ട് നൽകാനുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഹരജി പിന്നീട് പരിഗണിക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റിയത്. നടിയുടെ പരാതി സാങ്കൽപികം മാത്രമാണെന്നാണ് ജയസൂര്യയുടെ ഹരജിയിൽ പറയുന്നത്.