കൊച്ചി: യുവനടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നടന് സിദ്ദിഖിന്റെ ജാമ്യഹര്‍ജി തള്ളിയതോടെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയിരിക്കയാണ്. എന്നാല്‍ സിദ്ദിഖ് എവിടെയെന്ന് ഇപ്പോഴും വ്യക്തമല്ല. കൊച്ചിയിലും പരിസരങ്ങളിലും വലവിരിച്ച് കാത്തിരിക്കുകയാണ് പൊലീസ്. സിദ്ദിഖ് ഒളിവിലെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
പടമുകളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും സിദ്ദിഖ് ഇല്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യത പൊലീസ് തള്ളുകയാണ്. തമിഴ് നാട്ടിലേക്കോ, കര്‍ണാടകത്തിലേക്കോ മറ്റോ കടന്നിരിക്കാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്.
ഹൈക്കോടതിയില്‍ നിന്നും ജാമ്യം തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നടന്. അതുവരെ ഒളിവില്‍ കഴിയാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്. സിദ്ദിഖിന് ജാമ്യം കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നും, തെളിവുകളെല്ലാം നടന് എതിരാണെന്നും ഇന്നലെതന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും അന്വേഷണ സംഘം എന്തുകൊണ്ടാണ് സിദ്ദിഖിനെ നിരീക്ഷിക്കാതിരുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കില്‍ സിദ്ദിഖിന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ചില പ്രതികൂല നിലപാടുണ്ടായതായി പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. സിദ്ദിഖിന്റെ ജാമ്യഹര്‍ജി തള്ളിയതോടെയാണ് അറസ്റ്റ് നടപടിയിലേക്ക് പൊലീസ് സംഘം നീങ്ങിയത്. വീട്ടില്‍ എത്തിയ എസ് ഐ ടി സംഘമാണ് പ്രതി സ്ഥലത്തില്ലെന്ന് തിരിച്ചറിയുന്നത്.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസില്‍ പൊലീസ് സംഘത്തിന്റെ നടപടി ഏറെ ചോദ്യം ചെയ്യപ്പെടുകയാണ്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരു നടന് പ്രതിയായ കേസാണെതെന്നതിനാല് കുറച്ചുകൂടി ജാഗ്രത ഇക്കാര്യത്തില്‍ പൊലീസ് കാണിക്കേണ്ടതുണ്ടായിരുന്നു.
ഉന്നത കേന്ദ്രങ്ങളില്‍ പിടിപാടുള്ള സിദ്ദിഖിനെ പോലുള്ള ഒരാള്‍ക്ക് പല കേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യമൊന്നും അന്വേഷണ സംഘം കാര്യമായെടുത്തില്ലെന്നത് പൊലീസിലെ ചിലരുടെ സഹായം സിദ്ദിഖ് ലഭിച്ചുവെന്നതിന്റെ തെളിവാണ്.
സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് കേസ് വരുന്നതുവരെ സിദ്ദിഖ് ഒളിവില്‍ കഴിയുകയെന്നത് പ്രത്യേക അന്വേഷണ സംഘത്തിന് ക്ഷീണമുണ്ടാക്കും. സര്‍ക്കാര്‍ ഈ കേസില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്നു പറയുമ്പോഴും അറസ്റ്റ് ഒഴിവാക്കിയെടുക്കുന്നതിനുള്ള സഹായമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നുവേണം അനുമാനിക്കാന്‍.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നതോടെയാണ് സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്തെത്തിയത്. തിരുവനന്തപുരം മസ്കോട്ട് ഹോട്ടലില്‍വച്ച് തന്നെ സിദ്ദിഖ് ലൈംഗീകമായി അക്രമിച്ചുവെന്നായിരുന്നു യുവനടിയുടെ പരാതി. പരാതിയില്‍ അന്വേഷണം നടത്തിയ എസ് ഐ ടി സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് ഈ കേസ് ശക്തമായത്.
നടന് മുകേഷിനും മറ്റും മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിക്കും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിദ്ദിഖ്. മുകേഷിനെ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത് പിന്നീട് വിട്ടയക്കുകയായിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളുന്നതും, അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ഹൈക്കോടതി ഉത്തരവിടുന്നത്. ഇതോടെയാണ് സിദ്ദിഖിനെതിരെയുള്ള കുരുക്ക് മുറുകിയത്.