തിരുവനന്തപുരം: ലൈംഗികാരോപണം ഉന്നയിച്ച യുവനടിക്കെതിരെ പൊലീസിൽ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണമാണ് നടി ഉന്നയിക്കുന്നതെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെ ഉന്നയിച്ചപ്പോൾ ഇല്ലാതിരുന്ന ബലാത്സംഗ ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്ന് സിദ്ദിഖ് പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ രേവതി സമ്പത്തിനെ കണ്ടിട്ടില്ലെന്നും സിദ്ദിഖ് അവകാശപ്പെടുന്നു. നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ ഇന്നലെ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നും നടി പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴിയാണ് പരിചയം. പിന്നീട്, ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്.
അതൊരു കെണിയായിരുന്നു. സിദ്ദിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അനുഭവം തുറന്നുപറഞ്ഞതിന് സിനിമ മേഖലയിൽനിന്നുതന്നെ മാറ്റിനിർത്തി. തനിക്കൊന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.