കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കും. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു.
മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പരീക്ഷകൾ മാറ്റിവച്ചു. നാളെ നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ,സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി വക്താവ് അറിയിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചത്.
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൻറെഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. വയനാട് സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി കെവി തോമസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ. നവ കേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഈ അന്വേഷണ ഉത്തരവ് എന്ന് പറയുന്നു. ഹർജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണെന്നും പ്രതികരണത്തിന് ആധാരമായ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുൽസിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലും ചർച്ചകൾ കൊഴുക്കുന്നു. ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ ശോഭ സുരേന്ദ്രന് വേണ്ടി പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺഗ്രസിലും സിപിഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചർച്ച സജീവമാണ്.
സംസ്ഥാന ഗവർണർ കേരള വിരുദ്ധനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവർണർ നടത്തുന്നത്. എത്രത്തോളം കേരള വിരുദ്ധനെന്ന് നിരന്തരം തെളിയിച്ചൊരു ഗവർണർ ആണ് കേരളത്തിലുള്ളത്. ഗവർണറുടെ നിലപാടിനെ വിമർശിക്കാത്ത പ്രതിപക്ഷവും കേരളത്തിൽ തുറന്നു കാട്ടപ്പെടും. കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പുരോഗതിയിലേക്ക് പോകുന്ന സാഹചര്യമാണെന്നും എന്നാൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം വർധിക്കുകയാണെന്നും എ വിജയരാഘവൻ പറഞ്ഞു.
ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി എത്തി ചോദ്യം ചെയ്യൽ നടന്നത്. ലഹരിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനോടും ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നു.
കേരളത്തിൽ ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 13 മുതൽ 14 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഇന്നുമുതൽ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യുനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ – കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദമായി മാറിയിരിക്കുകയാണ്.
നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ ജമ്മു കശ്മീർ മുഖ്യമന്ത്രിയായി തീരുമാനിച്ചു. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ചവിട്ടിയിൽ തൻറെ ചിതം പതിപ്പിച്ച് ചവിട്ടി തേക്കുന്ന വീഡിയോ വീണ്ടും പ്രചരിച്ചതോടെ പ്രതികരണവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. അവരുടെ കാലെങ്കിലും വൃത്തിയായിക്കോട്ടേ, സംഘപരിവാറിൻറെ മനസ് വൃത്തിയാക്കാൻ നമുക്ക് കഴിയില്ലെന്ന് ഉദയനിധി പറഞ്ഞു. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചാണ് ഉദയനിധി രൂക്ഷ പ്രതികരണം നടത്തിയത്.
അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങ് മുംബൈയിലെ വർളി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ചടങ്ങിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് പ്രവേശനം നൽകിയത്. കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് , പിയൂഷ് ഗോയൽ എന്നിവരും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
മിൽട്ടൺ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് കര തൊട്ടതിനെ തുടർന്ന് ഫ്ളോറിഡയിൽ കനത്ത പേമാരിയും കൊടുങ്കാറ്റും. കാറ്റഗറി 2 കൊടുങ്കാറ്റായി ശക്തി പ്രാപിച്ച മിൽട്ടൺ 105 മൈൽ വേഗതയിലാണ് തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്നത്.
അടുത്ത വർഷം ഇന്ത്യയിൽ വച്ചു നടക്കുന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിന് കൊച്ചി ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന പ്രഥമ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിൽ നാലാം സ്ഥാനക്കാരായ ഇന്ത്യൻ ടീമിന് ഇത്തവണ സ്വന്തം മണ്ണിൽ കിരീടം നേടുകയാണ് ഇനി ലക്ഷ്യം
ഇന്നത്തെ പ്രധാനവാര്ത്തകള്
നടൻ ശ്രീനാഥ് ഭാസി പൊലീസിന് മുമ്പാകെ ഹാജരായി

Leave a comment
Leave a comment