സംവിധായകൻ ദീപു കരുണാകരനെതിരെ നടി അനശ്വര രാജൻ. മിസ്റ്റര് ആന്റ് മിസിസ് ബാച്ചിലര് എന്ന സിനിമ സോഷ്യൽമീഡിയ വഴി പ്രൊമോട്ട് ചെയ്യാൻ അനശ്വര തയ്യാറായില്ല എന്ന സംവിധായകൻ്റെ ആരോപണത്തിനെതിരെയാണ് അനശ്വര രംഗത്തെത്തിയത്. നടൻ്റെ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും അനശ്വര പങ്കുവെച്ചു.
സിനിമയുടെ റിലീസ് മാറ്റിവെച്ചതുപോലും രണ്ട് ദിവസം മുമ്പാണ് താൻ അറിഞ്ഞതെന്നും ഓൺലൈനിൽ സിനിമയുടേതായി ഉള്ള ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യു അത് തന്റേത് മാത്രമാണെന്നും അനശ്വര കുറിപ്പിൽ പറഞ്ഞു. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സംവിധായകൻ ദീപു ഉന്നയിച്ചാൽ ഔദ്യോഗികമായി വിഷയത്തെ നേരിടുമെന്നും നടി കുറിച്ചു.
തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങൾ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവിധായകൻ ശ്രീ ദീപു കരുണാകരൻ പല മാധ്യമങ്ങളിലും ഞാൻ പ്രൊമോഷന് സഹകരിക്കില്ല എന്ന് ഇന്റർവ്യൂകൾ നൽകി എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന ചിത്രം 2024 ഓഗസ്റ്റിൽ റിലീസ് പ്ലാൻ ചെയ്തതാണ്.
ആദ്യം തന്നെ… കൃത്യമായി കാശെണ്ണി പറഞ്ഞ് ചോദിച്ച് വാങ്ങിയിട്ടാണ് പലപ്പോഴും ഞാൻ ഷൂട്ടിനുപോലും വന്നിട്ടുള്ളതെന്ന അദ്ദേഹത്തിൻ്റെ പരാമർശത്തെ കുറിച്ച്…. സിനിമയുടെ ഷൂട്ട് സമയത്ത് പെയ്മെന്റ് ഇഷ്യു വന്നപ്പോൾ പ്രൊഡ്യൂസർ പെയ്മെന്റ് അക്കൗണ്ടിലേക്ക് ഇടാതെ റൂമിൽ നിന്നും ഇറങ്ങേണ്ട എന്ന് ശ്രീ ദീപു പറഞ്ഞപ്പോഴും, ഷൂട്ട് നിർത്തിവെക്കേണ്ട ഒരു അവസ്ഥയിലും ഷൂട്ട് തീരട്ടെ എന്ന് പറഞ്ഞ് മുൻകൈ എടുത്ത് ഇറങ്ങിയ എന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്റെ കാശെണ്ണികൊടുത്തിട്ടാണ് എന്ന അത്രയും മോശമായ പരാമർശം അദ്ദേഹത്തെ പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രൊഫഷണലി എന്നതിനപ്പുറം ഇമോഷണലി ഏറെ വിഷമിപ്പിച്ചു എന്ന് അനശ്വര പറയുന്നു.
ക്യാരക്ടർ പോസ്റ്റർ, ട്രെയിലർ എന്നിവ ഞാൻ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ഒഫീഷ്യൽ ഫേസ്ബുക് പേജിലും എല്ലാ പോസ്റ്റുകളും ഷെയർ ചെയ്തിരുന്നു. എന്നാൽ എന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിനെ ഫാൻസ് ഹാന്റിൽ ചെയ്യുന്ന ഏതോ ഒരു പേജ് എന്ന തെറ്റായ ധാരണ പടർത്തുകയും പടത്തിലെ പ്രധാന അഭിനേതാവും സംവിധായകനും കാല് പിടിച്ച് പറഞ്ഞിട്ടുപോലും ഞാൻ പ്രൊമോഷന് വരാൻ തയ്യാറായില്ല എന്ന് അദ്ദേഹം പരാമർശിക്കുകയുണ്ടായി. എന്നാൽ റിലീസ് തിയതിക്ക് തൊട്ട് മുമ്പെ സിനിമയുടെ ഭാഗമായി ഞാൻ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്.
ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യു എന്റേത് മാത്രമാണ്. ശേഷം ടീമിന്റെ ഭാഗത്ത് നിന്ന് ഒരുതരത്തിലും അപ്ഡേറ്റ്സ് ഞങ്ങൾക്ക് വന്നിട്ടില്ല. റിലീസിന് രണ്ട് ദിവസം മുമ്പ് ഞങ്ങൾ അവരെ കോൺടാക്ട് ചെയ്തപ്പോൾ റിലീസ് മാറ്റി വെച്ചുവെന്നും ചില പ്രശ്നങ്ങൾ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ലെന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ നമുക്ക് അറിയാൻ കഴിഞ്ഞത്. അതിനുശേഷം ഒരിക്കൽ പോലും ഈ ചിത്രം റിലീസാകാൻ പോകുന്നുവെന്ന് ഔദ്യോഗികമായ സ്ഥിരീകരണമോ എന്നെ അറിയിക്കുകയോ ഉണ്ടായിട്ടില്ല.
എന്നാൽ പൊടുന്നനെ ചാനലുകളിൽ പ്രത്യക്ഷപെട്ട് എന്നെയും എൻ്റെ അമ്മ, മാനേജർ തുടങ്ങിയവരെ ആക്ഷേപിക്കുന്ന സ്റ്റേറ്റ്മെന്റ്സാണ് ശ്രീ. ദീപു പറയുന്നത്. എന്ന് റിലീസ് ആണെന്ന് ഇന്ന് പോലും എനിക്ക് അറിവില്ലാത്ത ഒരു ചിത്രത്തിൻ്റെ പ്രൊമോഷനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുന്ന സംവിധായകൻ ഇതേ സിനിമക്ക് വേണ്ടി യാതൊരു വിധ പ്രമോഷൻ, ഇൻ്റർവ്യൂ കൊടുക്കാതെ ഈ അവസരത്തിൽ എൻ്റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശത്തോടെ തന്നെ കൊടുത്തതാണ് ഈ നെഗറ്റീവ് സ്റ്റേറ്റ്മെന്റ്സ് എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും നടി തുറന്നടിച്ചു.
റിപ്പോർട്ടർ ചാനലിൽ ശ്രീ. ദീപു കൊടുത്ത അഭിമുഖത്തിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയ ചില അഭിനേതാക്കൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആ സംഭവങ്ങളും പേരുകളും ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലെന്നും അത് സിനിമയേയും വ്യക്തിപരമായും ഗുണം ചെയ്യില്ലെന്നും പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ എൻ്റെ പേര് മാത്രം വലിച്ചിഴക്കുന്നത് വഴി വ്യക്തിപരമായും സിനിമയെയും ഗുണം ചെയ്യും എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്.
അതോടൊപ്പം അദേഹത്തിൻ്റെ ഷൂട്ട് സമയത്ത് പെയ്മെന്റ് കിട്ടാതെ കാരവനിൽ നിന്നും പുറത്തിറങ്ങാത്ത കൃത്യസമയത്ത് ഷൂട്ടിന് എത്തി സഹകരിക്കാത്ത ദുരനുഭവങ്ങൾ മറ്റ് അഭിനേതാക്കളിൽ നിന്നും നടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് പരാമർശിച്ചിട്ടുണ്ട്. എന്നാൽ അവരുടെ പേരുകൾ ഒഴിവാക്കി കേവലം ഇൻസ്റ്റഗ്രാമിൽ മ്യൂസിക് പോസ്റ്റർ ഷെയർ ചെയ്തില്ലെന്ന് വിമർശിച്ച് എന്റെ പേര് മാത്രം പരസ്യമായി പറയുകയും മേല്പറഞ്ഞ അഭിനേതാക്കളുടെ പേരുകൾ പറയാതെ താരതമ്യേന പുതുമുഖവും പെൺകുട്ടിയുമായ എൻ്റെ പേര് പറഞ്ഞതിലൂടെ ഞാൻ പ്രതികരിക്കില്ല എന്ന മനോഭാവമാവാമാണെന്നും അനശ്വര വ്യക്തമാക്കി.
ഒരു സ്ത്രീ എന്ന വിക്ടിം കാർഡ് ഉപയോഗിക്കാൻ ഞാൻ ഇവിടെ താൽപര്യപെടുന്നില്ല. ഞാൻ അംഗമായ അമ്മ അസോസിയേഷനിൽ പരാതിക്കത്ത് ഇതിനകം നൽകിയിട്ടുണ്ട്. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ശ്രീ.ദീപു ഉന്നയിച്ചാൽ ഔദ്യോഗികമായി തന്നെ ഈ വിഷയത്തെ നേരിടാനാണ് എന്റെ തീരുമാനം. ഒപ്പം ഈ വിഷയത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യവാസ്ഥ അറിയാതെ അടിസ്ഥാന രഹിതമായ അഭിപ്രായങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തി പെടുത്തി വാർത്തകൾ പുറത്തുവിടുന്ന യുട്യൂബ് ചാനൽ, വ്ലോഗേഴ്സ് എന്നിവർക്കെതിരെ നിയമപരമായി നീങ്ങുകയാണ്.
എനിക്ക് ചെയ്ത് തീർക്കേണ്ടതായ മറ്റുള്ള കമ്മിറ്റ്മെന്റ്സ് ഇരിക്കെ മുൻകൂട്ടി അറിയിച്ചാൽ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷന് എത്താൻ ഞാൻ തയ്യാറാണ്. ഈ വർഷം ഇറങ്ങിയ എന്റെ മൂന്ന് സിനിമകളുടെ പ്രൊമോഷനുകളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളായി മറ്റ് കമ്മിറ്റ്മെന്റുകൾ മാറ്റിവെച്ച് പ്രൊമോഷന് പങ്കെടുത്തിരുന്ന വ്യക്തി എന്ന നിലയിൽ ഞാൻ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായിട്ടുള്ള പ്രൊമോഷന് പങ്കെടുക്കുന്നത് ആ സിനിമയുമായുള്ള എൻ്റെ കരാറിലുപരി അത് എന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാൻ എന്നുമാണ് അനശ്വര കുറിച്ചിരിക്കുന്നത്.