കൊച്ചി: അതിജീവിതയുടെ ഹരജിയില്‍ ദിലീപിനെതിരെ ഹൈകോടതി. സിനിമ നടിയെ ക്രൂരമായി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ടാണ് ദിലീപിനതിരെ ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാര്‍ നടിയുടെ ഹരജിയില്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല. അവർക്കില്ലാത്ത എതിര്‍പ്പ് എട്ടാം പ്രതിയായ ദിലീപിന് എന്തിനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം നടത്തണമെന്ന നടിയുടെ ഹരജിയിലെ അന്തിമ വാദത്തിലായിരുന്നു കോടതിയുടെ ചോദ്യം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്നതാണ് കേസ്.
അന്വേഷണ റിപ്പോര്‍ട്ട് കേസിലെ എട്ടാം പ്രതി ദിലീപിനെ ബാധിക്കുന്നതല്ല എന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡിന്റെ അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുമെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം കോടതി തള്ളി.
മെമ്മറി കാര്‍ഡിലെ മാറ്റം വരുത്തിയത് തന്റെ കക്ഷിയുടെ മേല്‍ പഴി ചാരുകയാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന് വാദിച്ചത്. മെമ്മറി കാര്‍ഡിൽ മാറ്റം വരുത്തിയത് നിങ്ങളാണെന്ന് നടി പരാതിയില്‍ പറഞ്ഞിട്ടുണ്ടോയെന്ന് കോടതി ചോദിച്ചെങ്കിലും പരോക്ഷമായി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. അതിജീവിത നല്കിയ ഹരജിയില്‍ എട്ടാം പ്രതിയായ ദിലീപ് എതിര്‍കക്ഷിയല്ല.
ദിലീപ് പിന്നീട് കക്ഷി ചേരുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രധാന കേസിലെ വിചാരണയും മെമ്മറി കാര്‍ഡിലെ അന്വേഷണവും സമാന്തരമായി മുന്നോട്ട് പോകണമെന്നും ഹൈകോടതി പറഞ്ഞു. മൂന്നു തവണ അനധികൃതമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതായാണ് നടി ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.