നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഏഴര വര്‍ഷത്തിന് ശേഷമാണ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
പലതവണ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കര്‍ശന ഉപാദികളോടെയാണ് ജാമ്യം നല്‍കിയത്. വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിസ്താരം നീണ്ടുപോകുന്നതെന്തുകൊണ്ടെന്ന ചോദ്യം സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചു. കേസിന്റെ സാക്ഷി വിസ്താരം ഉള്‍പ്പടെയുള്ള വിചാരണയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.