കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കഴിഞ്ഞ ഞായറാഴ്ച ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന മെഗാ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉമാ തോമസ് എം എൽ എ സ്റ്റേജിൽ നിന്നും വീണ്ട് ഗുരുതരമായി പരിക്കേറ്റ സംഭവം കേരളജനതയെ ആകെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു. സംഭവത്തിൽ പൊലീസും ജി സി ഡി എയും ഒപ്പം നഗര സഭയും എല്ലാം പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും രക്ഷപ്പെടാനുള്ള മാർഗമാണ് ഇപ്പോൾ തേടുന്നത്.
കേസിൽ നർത്തകിയും നടിയുമായിരുന്ന ദിവ്യാ ഉണ്ണിയെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നിലപാട്. ദിവ്യാ ഉണ്ണി അമേരിക്കയിലേക്ക് കഴിഞ്ഞ ദിവസം രാത്രിയിൽ പോയതോടെയാണ് ആവശ്യമെങ്കിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് ഉന്നതർ പറയുന്നത്. ദിവ്യാ ഉണ്ണിയ്ക്ക് ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുക്കാനായി നടത്തിയ പ്രോഗ്രാം ആയിരുന്നു മൃദംഗതരംഗം.
മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നിന്നും ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ പൊലീസ് ജി സി ഡി എ അധികൃതർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
അപകടം നടന്നിട്ട് ഇന്നേക്ക് അഞ്ചു ദിവസമായിട്ടും പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. നടി ദിവ്യാ ഉണ്ണിയേയും സുഹൃത്തിനേയും പ്രതിചേർക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. പ്രതിചേർക്കാൻ സാധ്യതയുണ്ടായിട്ടും എന്തുകൊണ്ടാണ് ദിവ്യാ ഉണ്ണിക്ക് അമേരിക്കയിലേക്ക് തിരികെ പോവാൻ പൊലീസ് മൗനാനുവാദം നൽകിയതെന്ന ചോദ്യം ഇവിടെ ബാക്കിയാവുകയാണ്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് 15 ഉയരത്തിലുള്ള സ്റ്റേജിൽ നിന്നും ഉമാ തോമസ് എം എൽ എ വീണ് തലയ്ക്കും ശ്വാസകോശത്തിനുമടക്കം ഗുരുതരമായി പരിക്കേൽക്കുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തത്.
പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ എന്ന സ്ഥാപനത്തിന്റെ ഉടമകളോട് കോടതി ഹാജരാവാൻ ആവശ്യപ്പെട്ടതോടെ പൊലീസും മെല്ലെപ്പോക്ക് പ്രഖ്യാപിക്കുകയായിരുന്നു.
പരിപാടിയുടെ സംഘാടകരുടെ ഉന്നതതല ബന്ധമാണ് പൊലീസിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. എഡിജിപി ശ്രീജിത്ത് ഈ പ്രോഗ്രാം സ്ഥലത്ത് എത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ പൊലീസ് മറുപടി പറഞ്ഞിട്ടില്ല. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയായിട്ടും എന്തുകൊണ്ടാണ് സ്റ്റേജും പരിസരവും പൊലീസ് പരിശോധിച്ചില്ലെന്ന ചോദ്യത്തിനും വ്യക്തയില്ല.
സ്റ്റേജ് നിർമ്മാണം ജി സി ഡി എ യുടെ എൻജിനിയറിംഗ് വിഭാഗം പരിശോധിക്കണമെന്ന ചട്ടം എന്തുകൊണ്ടാണ് ഇവിടെ നടപ്പായില്ലെന്ന ചോദ്യത്തിനും വ്യക്തതയില്ല. ചട്ടങ്ങൾ പാലിക്കപ്പെടാതെ സ്റ്റേജ് നിർമ്മാണത്തിന് അനുമതി നൽകിയതിനാണ് ജി സി ഡി എയ്ക്ക് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.
അപ്പോഴും ഇവന്റ് കമ്പനിയേയും പരിപാടി നടത്തിപ്പുകാരായ മൃദംഗവിഷനേയും മാത്രം പ്രതികളാക്കി, മറ്റുള്ളവർക്ക് രക്ഷപ്പെടാനുള്ള വഴിയാണ് പൊലീസ് ഒരുക്കുന്നതെന്നാണ് ഉയരുന്ന പരാതി. ഇതിന്റെ ഭാഗമാണ് നടി ദിവ്യാ ഉണ്ണിക്ക് രാജ്യം വിടാനുള്ള സൗകര്യമൊരുങ്ങിയത്. ചോദ്യം ചെയ്യലിൽ നിന്നും ദിവ്യാ ഉണ്ണിയെ ഒഴിവാക്കാനും അവർക്ക് സുരക്ഷിതമായി അമേരിക്കയിലേക്ക് പോവാനും സൗകര്യമൊരുക്കിയതിനു പിന്നിലും പൊലീസ് ഉന്നതന്റെ ഇടപെടൽ ഉണ്ടായതായാണ് സംശയമുയരുന്നത്.
വൻതുക പിരിച്ചെടുക്കുകയും മെഗാഷോയുടെ ടിക്കറ്റ് ബുക്ക് മൈ ഷോയിലൂടെ വിൽപ്പന നടത്തിയിട്ടും ഇതൊന്നും ശ്രദ്ധയിൽ പെട്ടില്ലെന്നാണ് നഗരസഭാ അധികൃതരുടെ നിലപാട്. ഹെൽത്ത് ഇൻസ്പെക്ടറെ താല്കാലികമായി പുറത്തു നിർത്തി ആരോപണം തണുപ്പിക്കാനുള്ള ശ്രമമാണ് കോർപ്പറേഷൻ അധികൃതരും കൈക്കൊണ്ടത്.
പൊലീസിന്റെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്ഥയിൽനിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജി സി ഡിയ്ക്ക് നോട്ടീസ് നൽകിയ പൊലീസ് നടപടി. ഇതിൽ ജി സി ഡി എ അധികൃതർക്ക് ആദ്യം തന്നെ ഗുഡ് സർട്ടിഫിക്കറ്റ് നൽകി ചെയർമാൻ കെ ചന്ദ്രൻപിള്ള രംഗത്തെത്തിയിരുന്നു. ഭരണ കക്ഷി നേതാക്കളും പൊലീസ് ഉന്നതരും ചേർന്ന് കുറ്റക്കാർക്ക് സുരക്ഷാകവചം ഒരുക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.
ഒരു ജനപ്രതിനിധിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവമായിട്ടുപോലും പൊലീസും മറ്റും സംഭവത്തിൽ ഗൗരവത്തോടെയല്ല കേസിൽ ഇടപെടുന്നതെന്നും പൊലീസ് ആരെയൊക്കയോ രക്ഷിക്കാൻ ശ്രമിക്കയാണെന്നും പരക്കേ ആക്ഷേപം ഉയരുന്നതിനിടയിലാണ് നടിയും മെഗാഷോയുടെ പ്രധാന സംഘാടകയുമായ ദിവ്യാ ഉണ്ണി പൊലീസ് സഹായത്തോടെ രാജ്യം വിട്ടതെന്നത് ഗൗരവത്തോടെയാണ് നിരീക്ഷിക്കേണ്ടതാണ്.