നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നെന്ന് റിപ്പോർട്ടുകൾ. സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീർത്തിയുടെ ദീര്‍ഘകാല സുഹൃത്താണ് ആന്റണി. ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വെച്ചായിരിക്കും വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.
കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി ഉള്ള അടുപ്പമാണെന്നും കീർത്തിയുടെ ഹൈസ്കൂള്‍ പഠനകാലത്താണ് ഇരുവരും തമ്മിൽ പരിചയത്തിൽ ആകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയം ആന്റണി കൊച്ചിയില്‍ ബിരുദവിദ്യാര്‍ഥിയായിരുന്നു.
ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നും വരുംദിവസങ്ങളില്‍ വിവാഹവാര്‍ത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് വിവരങ്ങൾ.
നടി കീര്‍ത്തി സുരേഷ് ഒരു സുഹൃത്തുമായി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ദുബായിലുള്ള ഒരു വ്യവസായിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നത്തിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ അത് തന്റെ സുഹൃത്താണെന്നും വെറുതേ അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെ എന്നും കീർത്തി അന്ന് പ്രതികരിച്ചു.
സിനിമ നിര്‍മാതാവ് ജി. സുരേഷ്കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് ബാലതാരമായാണ് സിനിമയിലെത്തുന്നത്. മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുഗു ചിത്രമായ മഹാനടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കീർത്തി കരസ്ഥമാക്കിയിരുന്നു.