തിരുവനന്തപുരം: പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. എ ഡി ജി പി എം ആര് അജിത് കുമാര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കും. തൃശ്ശൂര്‍ പൂരം കലക്കിയതടക്കമുള്ള പരാതികളില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. കേരളത്തില്‍ ബി ജെ പിയുമായോ ആര് എസ് എസുമായോ ഒരുതരത്തിലും ഒത്തുതീര്‍പ്പുണ്ടാക്കില്ലെന്ന് കേരളത്തിലെ എല്ലാവര്ക്കും അറിയാം. ആരോപണ വിധേയനെ സംരക്ഷിക്കില്ല. എല്ലാത്തിലും സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും വരെ കാത്തിരിക്കണം. സര്‍ക്കാറിന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച് മുന്നണിയില്‍ അഭിപ്രായഭിന്നതയില്ല. കൂടുതല്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരുമായി അന്വേഷിച്ച് വ്യക്തത വരുത്താവുന്നതാണ്.
പ്രകാശ് ജാവഡേക്കറെ കണ്ടതിന്റെ പേരിലാണ് ഇ പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റിയത്. അദ്ദേഹത്തിനെ മാറ്റിയത് സംഘടനാ പരമായ തീരുമാനമാണ്. ഞങ്ങള്‍ എന്ത് ജോലി ചെയ്യണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുക. സ്പീക്കര്‍ ഒരു സ്വതന്ത്രപദവിയാണ്. അദ്ദേഹം എന്ത് പറയണം എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സ്പീക്കര്‍ക്കുണ്ട്. ഗവര്‍ണര്‍ സ്വതന്ത്രപദവിയല്ലേ, അവര്‍ അഭിപ്രായം പറയുന്നില്ലേ.
ആര് എസ് എസിനോട് ശക്തമായ അഭിപ്രായ ഭിന്നതയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് സി പി എം. ഇടതു മുന്നണിയാണ് ആര് എസ് എസിനെതിരെ നിലപാട് സ്വീകരിക്കുന്നത്. ദയവു ചെയ്ത് ചെറിയ വിഷയങ്ങള്‍ ഉയര്‍ത്തി ഇതാണ് ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാനം പ്രശ്നം എന്നു വരുത്തിതീര്‍ക്കരുത്. ഒരു എ ഡി ജി പി വിഷയമാണോ കേരളത്തിലെ പ്രധാന പ്രശ്നം. ഇതെങ്ങിനെയാണ് ജനങ്ങളെ ബാധിക്കുന്നത്. ഫോണ്‍ ചോര്‍ത്താന്‍ പാടില്ലെന്നാണ് എന്റെ നിലപാട്. അന്‍വര്‍ ഉന്നയിച്ച ആരോപണം എല്ലാം അന്വേഷിക്കും. ഫോണ്‍ ചോര്‍ത്തലിലും അന്വേഷണം നടക്കുന്നുണ്ട്.അന്‍വര്‍ പി ശശിക്കെതിരെ ആരോപണം ഉന്നയിച്ചതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. അദ്ദേഹം രേഖാ പരമായി പരാതി പറയട്ടെ. അന്‍വര്‍ സി പി എം അംഗമല്ല. എന്നാല്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. അതിനാല്‍ വെറുതെ അദ്ദേഹത്തെ കുഴപ്പത്തിലാക്കല്ലേ …
ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പദ്ധതികള്‍ എല്‍ ഡി എഫ് ഏറ്റെടുക്കും. വരാനിരിക്കുന്ന വയനാട് പാര്‍ലമെന്റ് ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. വരാനിരിക്കുന്ന ഈ ഉപതിരഞ്ഞടുപ്പിനായി മുന്നണിയെ സജ്ജമാക്കുകയാണ് മുന്നണിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം മുന്നിണിയെ ശക്തിപ്പെടുത്താനും എല്‍ ഡി എഫില്‍ ധാരണയായിട്ടുണ്ട്.
വയനാട് പുനരധിവാസമാണ് സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ കടമ. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്‍ ഡി എഫ് തൃപ്തി രേഖപ്പെടുത്തി. ഭൂമിയും വീടും എല്ലാം നഷ്ടപ്പെട്ടവരെ താല്കാലികമായി എല്ലാ കുടുംബങ്ങളേയും സംരക്ഷിക്കാനും മാതൃകാ പരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ ജനജീവിതം ദുസ്സഹകമാക്കിയിരിക്കയാണ്. കാര്‍ഷിക മേഖലയിലുണ്ടായ തിരിച്ചടിയുണ്ടായിട്ടുണ്ട്. വിലക്കയറ്റവും കാര്‍ഷിക വിലയിടിവും രാജ്യത്താകമാനും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. തൊഴിലാളി സംഘടനകളും കര്‍ഷകരും നടത്തുന്ന പ്രക്ഷോഭം ദേശീയത തലത്തില്‍ നടത്തിവരികയാണ്. ഇതിനൊപ്പം കേരളത്തിലും വിഷയങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. കേരളത്തിലെ മാവേലി സ്റ്റോറില്‍ സാധനങ്ങളൊന്നും ലഭ്യമല്ലെന്ന പരാതിക്ക് പരിഹാരം ഉണ്ടായിട്ടുണ്ട്. 13 ഇന സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ കൊടുത്തുവരികയാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.എഡിജി പി വിഷയത്തിലും അന്‍വര്‍ വിഷയത്തിലും വ്യക്തമായ ഉത്തരമായിരുന്നില്ല എല്‍ ഡി എഫ് കണ്‍വീനറുടേത്. ഇങ്ങനയൊക്കെ ചോദിച്ചാല്‍ ഞാന്‍ എന്തു പറയാനാണ് എന്ന നിലപാടിലാണ് തുടക്കം തൊട്ടേ പുതിയ എല്‍ ഡി എഫ് കണ്‍വീനര്‍ സ്വീകരിച്ചത്.