പി.പി ദിവ്യയെ സംരക്ഷിക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. പാർട്ടി സമ്മേളനം നടക്കുന്ന സമയത്ത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലേയ്ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തള്ളിവിട്ടതെന്നും, വിവാദം സംസ്ഥാനത്തു തന്നെ പാർട്ടിയെ വലിയ പ്രതിരോധത്തിലേക്കു എത്തിച്ചിരിക്കുന്നു എന്നുമാണ് സംസ്ഥാന നേതാക്കളും വിലയിരുത്തുന്നത്.
പി.പി ദിവ്യയെ പാർട്ടി ഇപ്പോഴും സംരക്ഷിക്കുന്നതിനെതിരെയും പാർട്ടിയിൽ ഭിന്നത രൂക്ഷമാണ്. പി.പി ദിവ്യയുടെ ഭാഗത്തു നിന്നും ഗുരുതരമായ തെറ്റ് സംഭവിച്ചിട്ടും പാർട്ടി നടപടി വൈകുന്നതും ഒരു വിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പി.പി ദിവ്യക്കെതിരെ നടപടി ഉണ്ടാവും എന്ന് കണ്ണൂരിൽ കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ പ്രഖ്യാപിക്കാനുള്ള കാരണം കണ്ണൂർ പാർട്ടിയിലുള്ള അഭിപ്രായ ഭിന്നതയാണ്.
പി.പി ദിവ്യയെ പോലീസ് സംരക്ഷിക്കുന്നു എന്ന പത്തനംതിട്ടയിലെ സിപിഎം നേതാക്കളുടെ ആരോപണം ഗൗരവത്തോടെ കാണണം എന്നാണ് കണ്ണൂർ നേതാക്കളിൽ ഒരു വിഭാഗം പറയുന്നത്. പെട്രോൾ പമ്പിൽ പണം ഉണ്ടാക്കുന്നത് ആരാണ് ? പാർട്ടിയിലെ ഏതെങ്കിലും ഉന്നതന് പമ്പിൽ ബിനാമി നിക്ഷേപം ഉണ്ടോ ? പി.പി ദിവ്യ എന്തിനാണ് പമ്പിന് എൻ ഓ സി വാങ്ങിക്കൊടുക്കാൻ വഴിവിട്ട് ഇടപെട്ടത് ?
പ്രശാന്തനുമായി പി.പി ദിവ്യയ്ക്ക് ബിസിനസ് ബന്ധം ഉണ്ടോ ? പാർട്ടിയുമായി ബന്ധമുള്ള ആരെങ്കിലും പമ്പിന് പിന്നിൽ ഉണ്ടോ ? തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണം എന്നാണ് കണ്ണൂരിലെ പാർട്ടിയിൽ ഉയരുന്ന പ്രധാന ആവശ്യം.
എ ഡി എം അഴിമതിക്കാരനാണെന്ന് വരുത്തിതീർക്കാൻ പി.പി ദിവ്യയും പാർശ്വ വാർത്തകളും ചേർന്ന് നടത്തിയ നാടകം എല്ലാം പൊളിഞ്ഞത്തോടെ നേതാക്കൾ കൂടുതൽ പ്രതിരോധത്തിലായിരുന്നു. പി.പി ദിവ്യ എ ഡി എമ്മിനെ മനപ്പൂർവം കരിവാരി തേക്കാൻ നീക്കം നടത്തി എന്നുതന്നെയാണ് പാർട്ടി വിലയിരുത്തുന്നത്.
സ്വർണം പൊട്ടിക്കൽ സംഘവുമായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് നേരിട്ട് ഇടപാടുകൾ ഉണ്ടന്ന ആരോപണം, ഇ.പി ജയരാജൻ വിവാദം, പി.വി അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ എന്നിവയെല്ലാം വന്നുപതിക്കുന്നത് കണ്ണൂർ പാർട്ടിയുടെ തലയിലാണ്. പാർട്ടിയുടെ തണലിൽ നിരവധി സഖാക്കൾ ബിസിനസ് നടത്തുന്നു.
പലവിധ ഇടപാടുകൾ നടത്തുന്നു. ഇതെല്ലാം ചില ഉന്നത നേതാക്കളുടെ അനുഗ്രഹവും പങ്കാളിത്വത്തിലുമാണ് എന്നാണ് ഉയരുന്ന ആരോപണം.
പാർട്ടിയിൽ സാമ്പത്തിക താല്പര്യം വർധിക്കുന്നു എന്നും അധികാരത്തിനും പണത്തിനുമായി ചില നേതാക്കൾ പ്രതിയോഗികളുമായി കൂട്ടുകൂടുന്നു, തുടങ്ങി വലിയ ആരോപണങ്ങൾ നിലവിൽ ഉയർന്നിരിക്കുകയാണ്. സി പി എമ്മിന്റെ ഏറ്റവും വലിയ ഘടകമാണ് കണ്ണൂർ ജില്ലാ കമ്മിറ്റി. പി.പി ദിവ്യ കണ്ണൂർ ജില്ലയിലെ വളർന്നു വരുന്ന വനിതാ നേതാവായിരുന്നു.
ദിവ്യ പാർട്ടിക്ക് മുകളിൽ എങ്ങനെ വളർന്നു എന്ന ചോദ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നത്. പി.പി ദിവ്യയെ പാർട്ടി തരം താഴ്ത്തും എന്നാണ് എം.വി ഗോവിന്ദൻ ഉറപ്പുനൽകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുന്നതുപോലെ പെട്ടെന്നു പാർട്ടിയിൽ തീരുമാനം ഉണ്ടാക്കാൻ കഴിയില്ല എന്നാണ് സംസ്ഥാന സെക്രെട്ടറിയുടെ ന്യായവാദം. പത്തനംതിട്ട ജില്ലാ കമ്മിറ്റി വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നതും കണ്ണൂരിലെ പാർട്ടിയെ അസ്വസ്ഥരാക്കുകയാണ്.