പയ്യന്നൂർ: വർഷങ്ങളുടെ ഇടവേളക്കുശേഷം പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കാഴ്ചയുടെ വിരുന്നൊരുക്കി ആകാശത്ത് ഇന്നലെ വാൽനക്ഷത്രം ദൃശ്യമായി. C/2023/A3 എന്ന പേരിലറിയപ്പെടുന്ന ഷുചിൻഷൻ വാൽ നക്ഷത്രമാണ് ദൃശ്യമായത്.
ഇന്നലെ സൂര്യോദയത്തിനു തൊട്ടു മുമ്പ് കിഴക്കൻ ചക്രവാളത്തിൽ ചിങ്ങം രാശിക്കരികിലായാണ് വാൽനക്ഷത്രം കാണപ്പെട്ടത്. ആസ്ട്രോ ഫോട്ടോഗ്രാഫർ രോഹിത്ത് കോളേത്താണ് ദൃശ്യം കാമറയിൽ പകർത്തിയത്. വാൽനക്ഷത്രം സൂര്യന്റെ സമീപത്തേക്ക് നീങ്ങുന്നതിനാൽ ഇന്ന് മുതൽ ദൃശ്യം മങ്ങിപ്പോകാനാണ് സാധ്യത.
എന്നാൽ, ഒക്ടോബർ 11 ആകുമ്പോഴേക്കും വാൽനക്ഷത്രം സൂര്യനെ മറികടന്ന് തുലാം രാശിയിലെത്തും. അപ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യാസ്തമയത്തിനു ശേഷം വാൽനക്ഷത്രം ദൃശ്യമാകുമെന്ന് പ്രസിദ്ധ വാനനിരീക്ഷകൻ ഗംഗാധരൻ വെള്ളൂർ പറഞ്ഞു.
ഈ മാസം 20-വരെ നഗ്നനേത്രം കൊണ്ട് ഈ വാൽ നക്ഷത്രത്തെ കാണാൻ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. വാൽ നക്ഷത്രത്തെ ടെലസ്കോപ്പിലൂടെ നിരീക്ഷിക്കുന്നതിന് ഈ മാസം 11 മുതൽ പയ്യന്നൂർ വാന നിരീക്ഷണ കേന്ദ്രത്തിൽ സൗകര്യം ഒരുക്കുന്നതാണെന്നും വാനനിരീക്ഷണ കേന്ദ്രം ഡയറക്ടർ കൂടിയായ ഗംഗാധരൻ വെള്ളൂർ അറിയിച്ചു.