മലപ്പുറം : വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഎമ്മിനോട് വിടപറഞ്ഞ് പുറത്തെത്തിയ പി.വി. അൻവർ എം.എൽ.എ പാർട്ടി പ്രഖ്യാപനവുമായി മുന്നോട്ട് തന്നെ പോകുമ്പോള്‍ കാത്തിരുന്നു നിലപാടുകള്‍ സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് യുഡിഎഫ്. നാളെ വൈകീട്ട് ആറ് മണിക്ക് മഞ്ചേരിയിലാണ് പ വി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടക്കുന്നത്.
സമ്മേളനത്തില്‍ ഒരു ലക്ഷം പേര് പങ്കെടുക്കുമെന്നാണ് അൻവറിന്റെ വിലയിരുത്തല്‍. പുതിയ പാർട്ടിയുടെ നയരേഖ സമ്മേളനത്തിൽ വിശദീകരിക്കുമെന്നും അദ്ദേഹം പറയുന്നു. പാർട്ടിയുടെ പേരോ കൊടിയോ പ്രഖ്യാപിക്കില്ല. ഭരണഘടന തയാറാക്കി, രജിസ്ട്രേഷൻ പൂർത്തിയായശേഷമാകും പാർട്ടി പ്രഖ്യാപനം ഉണ്ടാവുക.
മലയോരവാസികളും ഓട്ടോ തൊഴിലാളികളുമടക്കം സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തി പ്രതികരിക്കുന്ന വേദിയായി പുതിയ പാർട്ടിയെ മാറ്റുമെന്നാണ് അൻവർ പറയുന്നത്. ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന മതേതര പാർട്ടിയാകും രൂപവത്കരിക്കുകയെന്നും അൻവർ പറയുന്നു.
നേതൃത്വത്തിൽ ആരെല്ലാം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ സി.പി.എം നേതാവ് തന്നോടൊപ്പമുണ്ടെന്നാണ് അൻവർ പറയുന്നത്. അൻവറിന്റെ വിമർശനം, മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരായ ജനവികാരം ശക്തിപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ആ നിലക്കാണ് കോൺഗ്രസും ലീഗും അൻവറിനോടുള്ള നിലപാട് മയപ്പെടുത്തിയത്.
അൻവറുമായി യു.ഡി.എഫ് നേതാക്കളാരും ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ല. മുന്നണിബന്ധമില്ലാതെ ദീർഘകാലം തുടരുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് അൻവർ കരുതുന്നുണ്ടെങ്കിലും തൽക്കാലം സ്വതന്ത്രനായി തുടരാനാണ് താൽപര്യപ്പെടുന്നതെന്നാണ് സൂചന.
ജനങ്ങൾക്ക് നീതി കിട്ടാതിരിക്കാൻ കാരണം ഭരണ, പ്രതിപക്ഷനിരയിലെ ഉന്നത നേതാക്കൾക്കിടയിലെ കൂട്ടുകെട്ടാണെന്ന് അൻവർ ആവർത്തിക്കുന്നതിനാൽ, ഒറ്റയടിക്ക് യു.ഡി.എഫുമായി കൈകോർക്കാനും വിഷമമുണ്ടാകും. യു.ഡി.എഫുമായി അടുത്താൽ നിലവിൽ ലഭിക്കുന്ന ജനപിന്തുണ നഷ്ടമാവുമോയെന്ന ആശങ്കയുമുണ്ട്.
അതുകൊണ്ടാണ്, നിയമസഭയിൽ പ്രതിപക്ഷനിരയിൽ ഇരിക്കാനില്ലെന്നും പ്രത്യേക ഇരിപ്പിടം വേണമെന്നും ആവശ്യപ്പെടുന്നത്. പുതിയ പാർട്ടിയിൽ ചേർന്നാൽ, എം.എൽ.എ സ്ഥാനം നഷ്ടമാവുമോയെന്ന ആശങ്കയും അൻവറിനുണ്ട്.