കോയമ്പത്തൂര്‍: പൊലീസ് റെയ്ഡിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് ചിത്രവുമായി നടി സമാന്ത റൂത്ത് പ്രഭു. തന്റെ വീട് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഇടം എന്നാണ് ഇഷ ഫൗണ്ടേഷനെ കുറിച്ച് സാമന്ത പറഞ്ഞിരിക്കുന്നത്. മൂന്ന് കാളകള്‍ ഒരു മൈതാനത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഈ ക്യാപ്ഷന്‍ കൂടി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ റെയ്ഡ് നടന്നത്. കോയമ്പത്തൂരിലെ തൊണ്ടമുത്തുരിലെ ഇഷ ഫൗണ്ടേഷനിലാണ് പരിശോധന. നല്ല വിദ്യാഭ്യാസമുള്ള തന്റെ രണ്ട് പെണ്മക്കളെ ജഗ്ഗി വാസുദേവിന്റെ ഇഷ യോഗാ സെന്ററില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്ന് കാട്ടി തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്ന എസ് കാമരാജ് ഹര്‍ജി നല്‍കിയിരുന്നു.

ലൗകിക ജീവിതം വെടിഞ്ഞ് സന്യാസിമാരെപ്പോലെ ജീവിക്കാന്‍ യുവതികളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന് കേസ് പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. സ്വന്തം മകളെ വിവാഹം ചെയ്യിപ്പിച്ച് അയച്ച് മറ്റുള്ളവരെ ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു.