മധുര: നേതൃസമിതികളിലൈ അംഗത്വത്തിനുള്ള 75 വയസ് പരിധി നിബന്ധനക്കെതിരെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാന ഘടകങ്ങള്‍. പ്രായപരിധി നിബന്ധന ഒഴിവാക്കണമെന്ന് കേരളം ബംഗാള്‍ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. നേതാക്കള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് നേതൃത്വത്തില്‍ ശൂന്യത സൃഷ്ടിക്കുമെന്ന വാദം ഉയര്‍ത്തിയാണ് പ്രായപരിധി നിബന്ധന നീക്കണമെന്നെ ആവശ്യം ഉയര്‍ന്നത്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മാത്രം ഏഴ് നേതാക്കളാണ് 75 വയസ്സ് പൂര്‍ത്തിയാകുന്നത്.
കണ്ണൂരില്‍ ചേര്‍ന്ന 23 ആം പാര്‍ട്ടി കോണ്‍ഗ്രസാണ് പാര്‍ട്ടി ഭരണഘടന ഭേദഗതിയിലൂടെ 75 വയസ്സ് എന്ന വ്യവസ്ഥ കൊണ്ടുവന്നത്. കേരളത്തില്‍ ജി.സുധാകരന് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്റെ ഗ്രൂപ്പ് ചര്‍ച്ചയിലാണ് പ്രായപരിധി നിബന്ധന എടുത്തു കളയണമെന്ന ആവശ്യം ഉയര്‍ന്നത്. കേരളത്തിന്റെ ഗ്രൂപ്പ് ചര്‍ച്ചയിലും നാലുപേര്‍ ഇക്കാര്യം ഉന്നയിച്ചു. പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഘടകങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ചയിലും സമാനമായ ആവശ്യം ഉയര്‍ന്നുവെന്നാണ് സൂചന. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇരിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടെന്നാണ് ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടുന്നത്. ബംഗാള്‍ സംസ്ഥാന സമ്മേളനത്തിലും ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിലെ പൊതു ചര്‍ച്ചകളിലും കേരളവും ബംഗാളും ആവശ്യത്തില്‍ ഉറച്ച് നിന്നാല്‍ പ്രായപരിധി നിബന്ധനയില്‍ പുനരാലോചനക്ക് നേതൃത്വം നിര്‍ബന്ധിതമായേക്കും. പക്ഷെ ഇതിന് പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ഏഴു പി ബി അംഗങ്ങളാണ് 75 വയസ്സ് പിന്നിട്ടത്. പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട്, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, മണിക്ക് സര്‍ക്കാര്‍, ജി രാമകൃഷ്ണന് എന്നിവരാണ് പിണറായിയെ കൂടാതെ ഒഴിയുന്നത്.
സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്താന്‍ വിഷമിക്കുന്ന പാര്‍ട്ടിക്ക് ഇത്രയും നേതാക്കള്‍ ഒറ്റയടിക്ക് കളമൊഴിയുന്നത് തിരിച്ചടി ഉണ്ടാക്കുമെന്നാണ് സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം. അതുകൊണ്ടാണ് പ്രായം മാത്രം മാനദണ്ഡമാക്കാതെ. പ്രവര്‍ത്തന പാരമ്പര്യവും പ്രവര്‍ത്തന പരിചയവും കണക്കിലെടുക്കണമെന്ന നിര്‍ദ്ദേശമാണ് ഉയരുന്നത്.