ഡല്‍ഹി: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങളില്‍ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചു.
ഒരിടവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാകുന്നതിലും എഐസിസിക്ക് നീരസമുണ്ട്. ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ അന്തരീക്ഷം നേതാക്കള്‍ തകര്‍ക്കുന്നെന്നാണ് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍.
കഴിഞ്ഞ രണ്ടാഴ്ചയോളമായി കെപിസിസി പുനസംഘടന സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ വാര്‍ത്തകളോടെല്ലാം പ്രായഭേദമന്യേ എല്ലാ നേതാക്കളും പരസ്യപ്രതികരണങ്ങളും നടത്തുന്നുണ്ട്.
ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്, ചാണ്ടി ഉമ്മന്‍ എന്നിവരെല്ലാം കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണങ്ങളാണ് നടത്തിയത്. സുധാകരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന ഉറച്ച നിലപാടാണ് ഈ നേതാക്കള്‍ക്കെല്ലാം. അങ്ങനെ ഒരു സതീശന് വിരുദ്ധ ചേരി തന്നെ പാര്‍ട്ടിയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്.
സംഘടനാപരമായ കാര്യങ്ങളില്‍ പാര്‍ട്ടി വേദികളിലാണ് പ്രതികരിക്കേണ്ടത്. ഇതാണ് ഇന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയത്. ഇതിലൂടെ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക കൂടിയാണ് സതീശന്.