തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് ആരോപണങ്ങളില്‍ മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. തിരൂര്‍ സതീഷ് സിപിഐഎമ്മിന്റെ ടൂളാണെന്നും പറയുന്നത് സതീഷാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭാ വിമര്‍ശനം ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയത്തിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് എകെജി സെന്ററും പിണറായി വിജയനുമെന്ന് ശോഭ ആരോപിച്ചു.
ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍എസ്എസ് പ്രവര്ത്തകന് ആണെങ്കില്‍ തിരൂര്‍ സതീഷ് പോകേണ്ടത് ആര്‍എസ്എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. തിരൂര്‍ സതീഷിനെ പോലെ ഒരു ടൂളിനെ ഉപയോഗിച്ച് തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കേസുകള്‍ തനിക്ക് പുത്തരിയല്ലെന്നും താന്‍ നൂലില്‍ കെട്ടി ഇറങ്ങിയ ആളല്ലെന്നും ശോഭാ മാധ്യമങ്ങളോട് പ്രതികരിച്ചു.
നല്ല തന്റേടത്തോടെ, ലാത്തിച്ചാര്‍ജുവരെ ഏറ്റുവാങ്ങിയ നേതാവാണ് താന്‍. പ്രവര്‍ത്തകര്‍ക്കൊപ്പം ശാരീരിക പ്രതിസന്ധികള്‍ പോലും നോക്കാതെ നിന്നിട്ടുള്ള ആളാണ്. തനിക്കൊരു ഗോഡ് ഫാദര്‍ ഇല്ല. എന്താണ് തന്റെ അയോഗ്യതയെന്നും അവര്‍ ചോദിച്ചു. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലും ഡല്‍ഹിയിലും രാമനിലയത്തിലും ഇ പി ജയരാജനെ കണ്ടു. തന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയും ഇ പി ജയരാജനെതിരെയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.