2026 ഒട്ടും എളുപ്പമാകില്ലെന്ന് കോൺഗ്രസിന് തീർച്ചയുണ്ട്. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം പൂർണ്ണമായും നേടുക കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമല്ല. ഭരണപക്ഷത്തിനെതിരെ വലിയ തോതിലുള്ള ഭരണവിരുദ്ധ തരംഗം തന്നെ നിലനിൽക്കുന്നുണ്ടെങ്കിലും അതിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി കോൺഗ്രസിന് ഉണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. നിയമസഭയ്ക്ക് ഉള്ളിലും പുറത്തും കടുത്ത പോരാട്ടങ്ങൾ സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുമ്പോഴും ഭരണത്തിൽ വരാനുള്ള കോൺഗ്രസിന്റെ സാധ്യതകൾ വിരളമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. സ്ഥിരം രാഷ്ട്രീയ മുഖങ്ങൾക്ക് അപ്പുറത്തേക്ക് മറ്റ് സാധ്യതകൾ കൂടി തേടുകയാണ് ഇപ്പോൾ കോൺഗ്രസ്. ഒരുകാലത്ത് പാർട്ടിക്ക് വേണ്ടി സജീവമായി നിലകൊണ്ട ഒരാളായിരുന്നു അഖിൽ മാരാർ. സാമൂഹ്യ മാധ്യമങ്ങളിലും പുറത്തു വളരെ വലിയ സ്വീകാര്യതയാണ് ഇന്ന് അദ്ദേഹത്തിന് ഉള്ളത്. ആ സ്വീകാര്യതയെ തങ്ങൾക്ക് അനുകൂലമാക്കുവാനുള്ള ചർച്ചകൾ കോൺഗ്രസ് ആരംഭിച്ചതായാണ് അറിയുന്ന വിവരം.
സംവിധായകൻ എന്നതിൽ ഉപരി നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ നിരൂപകനും ഒക്കെയാണ് അഖിൽ മാരാർ. ഒരു കാലത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു അഖിൽ. പിന്നീട് കോൺഗ്രസിനുള്ളിലെ ചില പ്രശ്നങ്ങൾ കാരണം അദ്ദേഹം പാർട്ടി വിടുകയും ബിജെപിയുടെ ഭാഗമാവുകയുമായിരുന്നു. എന്നാൽ പിന്നീട് ബിജെപിയെ തള്ളിപ്പറഞ്ഞും അദ്ദേഹം രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ ആയിരുന്നപ്പോൾ ഉള്ള ഒരു ഗുണം, അവിടെ നിന്നുകൊണ്ട് കെപിസിസി പ്രസിഡന്റിനെയും വിമർശിക്കാം, രാഹുൽ ഗാന്ധിയെയും വിമർശിക്കാം. ഒരുവന് അവനായി നിന്നുകൊണ്ട് പ്രവർത്തിക്കാൻ പറ്റുന്ന സ്ഥലം കോൺഗ്രസ്സ് ആണെന്നും വേറെ ഒരു പാർട്ടിയിലും അത് പറ്റില്ലെന്നുമായിരുന്നു അഖിലിന്റെ അന്നത്തെ പ്രതികരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പ് സമയത്താണ് അഖിൽ കോൺഗ്രസ് വിടുന്നത്. നാട്ടിലെ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരാളെ മത്സരിപ്പിക്കാൻ നേതാക്കൾ നിർദേശിച്ചപ്പോൾ അതിൽ തനിക്ക് എതിർപ്പ് ഉണ്ടായിരുന്നു. തനിക്ക് മാത്രമല്ല തന്റെ നാട്ടിലെ മിക്ക ആളുകൾക്കുമെതിർപ്പ് ആയിരുന്നു. പക്ഷെ അദ്ദേഹത്തെ കൊണ്ടുവന്നേ പറ്റുള്ളു എന്ന് സാമുദായിക സംഘടനകൾ ആവശ്യപ്പെട്ടു. താൻ അതിനെതിരെ സംസാരിച്ചപ്പോൾ തന്നെ മാറ്റി നിർത്തി. അതിനെതിരെ സ്വതന്ത്രനായി മത്സരിച്ചു. പിന്നീട് പല പ്രാവശ്യം പാർട്ടിയിൽ തിരിച്ചു കയറാൻ അപേക്ഷ കൊടുത്തു. പക്ഷെ പാർട്ടിയ്ക്ക് വേണ്ടായിരുന്നു.
അപ്പോഴും പാർട്ടിയെ തള്ളിപ്പറയുവാൻ അഖിൽ ഒരു സമയത്തും ശ്രമിച്ചിരുന്നില്ല. അഖിൽ ബിഗ് ബോസിന്റെ വിജയ് ആയതോടെയാണ് പൊതുസമൂഹത്തിൽ എല്ലാവരും അറിയുന്ന നിലയിലേക്ക് മാറിയത്. അപ്പോഴും കോൺഗ്രസിനോടുള്ള തന്റെ അടുപ്പം താരം കാത്തുസൂക്ഷിച്ചു. നിരന്തരം പിണറായി വിജയനെ ആക്രമിക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും അഖിൽ കൃത്യമായി ഉപയോഗപ്പെടുത്തുമായിരുന്നു. രണ്ടാം പിണറായിക്കാലത്ത് അഖിൽ മാരാർ എന്ന സോഷ്യൽ മീഡിയ താരം സർക്കാരിനെ ചെറുതായിട്ടൊന്നുമല്ല പ്രതിസന്ധിയിൽ ആക്കിയിട്ടുള്ളത്. ഒരു ഘട്ടത്തിൽ അഖിലിനെതിരെ സർക്കാർ കേസെടുക്കുക പോലും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ സമൂഹ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയതിന് ആയിരുന്നു നിയമനടപടി. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നായിരുന്നു അന്നത്തെ അഖിലിന്റെ വാദം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനു പകരം വീട് നഷ്ടപ്പെട്ടവർക്കായി നാല് വീട് നിർമിച്ചു നൽകുമെന്നായിരുന്നു അഖിൽ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നത്. ഇതാണ് നിയമനടപടികളിലേക്ക് സർക്കാരിനെ നയിച്ചത്.
ദുരിതാശ്വാസ വിവാദത്തിൽ പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് അഖിലിന് ഉണ്ടായത്. കേസെടുത്ത ഉടൻ തന്റെ പേജിലൂടെ ‘വീണ്ടും ഒരു കേസ്, മഹാരാജാവ് നീണാള് വാഴട്ടെ’ എന്ന് തരത്തിലൊരു കുറിപ്പ് അഖിൽ പങ്കുവെച്ചിരുന്നു. ഇത് സർക്കാരിനെ കൂടുതൽ ചൊടിപ്പിക്കുന്നതായിരുന്നു. ജന സ്വീകാര്യതയും പാർട്ടി പ്രവർത്തകർക്കിടയിലുള്ള മതിപ്പും വരുന്ന തെരഞ്ഞെടുപ്പിൽ അഖിലിന് സീറ്റ് ഉറപ്പിക്കുന്നതിനുള്ള ഘടകങ്ങളാണ്. കൊല്ലം ജില്ലയിലെ കൊല്ലം നിയമസഭാ മണ്ഡലത്തിലേക്ക് ആണ് അഖിലിന്റെ പേര് ചർച്ച ചെയ്യപ്പെടുന്നത്. നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഎം നേതാവും നടനുമായ എം മുകേഷ് ആണ്. മുകേഷിനെ ഇന്ന് ജനങ്ങൾക്കിടയിൽ സ്വീകാര്യത തീരെയില്ല. അദ്ദേഹത്തിന് എതിരായ പല ആരോപണങ്ങളും സിപിഎമ്മിന് പോലും തലവേദന സൃഷ്ടിച്ചിട്ടുള്ളതാണ്. പാർട്ടിയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കാത്തതിൽ പാർട്ടി സംവിധാനങ്ങൾക്കും അദ്ദേഹത്തോട് അതൃപ്തി ഉണ്ടെന്നാണ് അറിയുന്നത്. അപ്പോഴും അടുത്ത തെരഞ്ഞെടുപ്പിലും സിപിഎം മുകേഷിനെ തന്നെ രംഗത്തിറക്കാൻ ആണ് സാധ്യത. അങ്ങനെ മുകേഷ് മത്സരിക്കാൻ ഇറങ്ങിയാൽ പരാജയപ്പെടുത്തുവാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥി അഖിലാണെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ കരുതുന്നു. വളരെയധികം ലളിതമായി വിഷയങ്ങൾ അവതരിപ്പിക്കുവാനും എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തപ്പെടുവാനും അഖിലിനുള്ള കഴിവ് കൊല്ലം പിടിച്ചെടുക്കുന്നതിന് ഊർജ്ജം ആകുമെന്ന് കോൺഗ്രസ് കരുതുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയാണ് അഖിൽ മാരാർ. കൊല്ലത്തിനു പുറമേ കൊട്ടാരക്കരയും അഖിലിനെ പരിഗണിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ്. കൊട്ടാരക്കരയിൽ മണ്ഡലം ആകെയുള്ള വ്യക്തി ബന്ധങ്ങളാണ് അവിടെ പരിഗണിക്കുന്നതിന് കാരണം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വളരെയധികം അടുപ്പമുള്ള ഒരാളായിരുന്നു അഖിൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വിജയിച്ചപ്പോൾ അഭിനന്ദനങ്ങളുമായി കടന്നുവന്നതിൽ പ്രധാനി കൂടിയായിരുന്നു അഖിൽ. ഉമ്മൻ ചാണ്ടിയേക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർഥത്തിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണെന്ന് അഖിൽ അന്ന് പറഞ്ഞിരുന്നു. പിന്നീടും പല കോൺഗ്രസ് നേതാക്കളുടെയും പരിപാടികളിലെ സജീവസാന്നിധ്യമായിരുന്നു അഖിൽ. താൻ പങ്കെടുക്കുന്ന വേദികളിൽ എല്ലാം കോൺഗ്രസ് തിരിച്ചുവരണമെന്ന് ആത്മാർത്ഥമായി പറയാറുള്ള ആളാണ് അഖിൽ. കോൺഗ്രസിന്റെ തിരിച്ചുവരവിന് ഒപ്പം നിയമസഭയിൽ കോൺഗ്രസ് എംഎൽഎയായി അഖിൽ മാരാറും ഉണ്ടാകുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.