ബോളിവുഡിലെ ഹിറ്റ്കൂട്ടുകെട്ടായ അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. പതിനാല് വർഷങ്ങൾക്ക് ശേഷം ഹൊറർ കോമഡി ചിത്രമായ ഭൂത് ബംഗ്ലയുമായിട്ടാണ് ഇരുവരും എത്തുന്നത്. അക്ഷയ് യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ഒരു മോഷൻ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.
നടൻ അക്ഷയ് കുമാർ, ശോഭ കപൂർ, എക്ത കപൂർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. അടുത്ത വർഷം ഭൂത് ബംഗ്ല റിലീസിനെത്തും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഒറ്റ ഷെഡ്യൂളായി ചിത്രം പൂർത്തികരിക്കാണ് അണിയറ പ്രവർത്തകരുടെ തീരുമാനമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുകയെന്നാണ് വിവരം.