എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന് കളം നിറഞ്ഞതോടെ ആലപ്പുഴ മണ്ഡലം ബിജെപി യുടെ എ പ്ലസ് മണ്ഡലമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയ്ക്കൊപ്പമാണ് ആലപ്പുഴയും ഇടംപിടിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് ഈ മണ്ഡലത്തില്‍ ഉണ്ടായത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മണ്ഡലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്.
എസ്.എന്‍.ഡി.പിക്ക് നിര്‍ണായ സ്വാധീനം ഉള്ള മണ്ഡലത്തില്‍ സ്ത്രീകളുടെയിടയില്‍ മാത്രമല്ല എല്ലാവിഭാഗക്കാരിലും മതിപ്പ് സൃഷ്ടിക്കാനും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് സാധിക്കുന്നു. ദേശീയ നേതൃത്വം ആണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തെ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്ന് വെച്ചാല്‍ ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റായി ഇവിടം മാറിയിരിക്കുന്നു എന്നര്‍ഥം. ആലപ്പുഴ എ പ്ലസ് മണ്ഡലമായതോടെ പ്രചാരണത്തിന്റെ ചുമതല ദേശീയ നേതൃത്വം ഏറ്റെടുത്തേക്കുമെന്നും സൂചനകകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശോഭയുടെ പ്രചാരണ പരിപാടികള്‍ക്ക് എത്തിയേക്കും. സിറ്റിംഗ് എംപി എ.എം ആരിഫിന് മുന്‍വര്‍ഷത്തെ പോലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ഇല്ലാതായിരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാല്‍ ആലപ്പുഴക്കാര്‍ക്ക് സുപരിചിതനാണെങ്കിലും കോണ്‍ഗ്രസ് ദേശിയ നേതാവ് കൂടിയായതിനാല്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ സ്ഥിര സാന്നിധ്യം ആകില്ലെന്ന ചിന്തയും ജനങ്ങളിലുണ്ട്.
എന്‍ഡിഎയുടെ ശോഭാസുരേന്ദ്രന് പ്രചരണ രംഗത്ത് നടത്തിയ മുന്നേറ്റം ആലപ്പുഴയെ ബിജെപി വിജയസാധ്യത കല്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് എത്തിക്കുകയും ചെയ്തു. ബാലഗോകുലത്തിലൂടെ തുടങ്ങി യുവമോര്‍ച്ച , മഹിളാമോര്‍ച്ച തുടങ്ങിയവയുടെ ഒക്കെ നേതൃത്വം വഹിച്ച ശോഭ മികച്ച സ്ഥാനാര്‍ഥിയാണെന്ന കാര്യത്തില്‍ സംശയമില്ല. മല്‍സരിച്ചപ്പോഴെല്ലാം വോട്ടിങ് ശതമാനം ഉയര്‍ത്താറുണ്ട് എന്നതാണ് ശോഭാ സുരേന്ദ്രനെ ദേശിയ നേതൃത്വത്തിന്റെ ശ്രദ്ധയിലുമെത്തിച്ചത്.
കഴിഞ്ഞ തവണ ആറ്റിങ്ങലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ശോഭ ഇടതു വലതു മുന്നണികളെ ഒരു പോലെ ഞെട്ടിച്ചിരുന്നു. അതു പോലെ ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലത്തില്‍ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയതും ശോഭയുടെ രംഗപ്രവേശത്തോടെയാണ്. തിരെഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അത്രയധികം വേരോട്ടമുള്ള മണ്ണായിരുന്നില്ല ആലപ്പുഴയുടേത്. ഒരു കാലത്ത് സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തില്‍ താഴെ വോട്ടായിരുന്നുു ബിജെപിക്ക് കിട്ടിയത്. 2014ല്‍ അത് നാല്പതിനായിരം വോട്ടായി വര്‍ധിച്ചുവെങ്കിലും വലിയ നേട്ടമെന്ന് പറയാനാവില്ല. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം താമര ചിഹ്നത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കിയപ്പോള്‍ കിട്ടിയത് രണ്ടു ലക്ഷത്തിനടുത്ത് വോട്ടാണ്. അതായത് എന്‍ഡിഎ സ്ഥാനാര്‍ഥിയായ കെ.എസ് രാധാകൃഷ്ണന് കഴിഞ്ഞ തവണ ഇവിടെ നിന്ന് നേടിയത് 1,87,000 വോട്ടുകളാണെന്നര്ഥം. ഇവിടേക്കാണ് ആദ്യഘട്ടത്തില്‍ ഒരു സൂചന പോലും ഇല്ലാതിരുന്ന ശോഭാ സുരേന്ദ്രനെ പാര്‍ട്ടി നേതൃത്വം നിയോഗിക്കുന്നത്.
ഈഴവ വോട്ടുകള്‍ മുന്നില്‍ കണ്ട് തന്നെയാണ് ശോഭയെ രംഗത്തിറക്കിയത്. അതായത് ബിജെപി ദേശിയ നേതൃത്വവും അത്തരമൊരു മുന്നേറ്റം പ്രതീക്ഷിക്കുന്നു.പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ആലപ്പുഴയില്‍ ഗുണം ചെയ്തുവെന്ന് വിലയിരുത്തിയാണ് ആലപ്പുഴയെയും ബിജെപി ദേശീയ നേതൃത്വം എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ബിജെപിയുടെ കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളുടെ എണ്ണം ഏഴായി.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും പടലപിണക്കവും വേണുഗോപാലിന്റ വോട്ട് ഷെയര്‍ വളരെയധികം കുറക്കുമെന്നാണ് വിലയിരുത്തല്‍. വ്യക്തിപ്രഭാവം കൊണ്ട് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശോഭാസുരേന്ദ്രന് അനിതര സാധാരണമായ കഴിവുണ്ട്. കടുത്ത എതിരാളിയാണ് എത്തിയിരിക്കുന്നതെന്ന് ഇടതു വലതു മുണികള്‍ ഇപ്പോള്‍ തിരിച്ചറിയുകയും ചെയ്യുന്നു. സ്ത്രീ വോട്ടുകള്‍ പരമാവധി ശോഭാ സുരേന്ദ്രന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച പ്രവര്‍ത്തനങ്ങളാണ് എതിരാളികള്‍ നടത്തുന്നത്. ആലപ്പുഴയില്‍ നിന്ന് മൂന്ന് മൂന്നര ലക്ഷത്തോളം വോട്ടുകള്‍ ശോഭ നേടിയാല്‍ ആലപ്പുഴ മണ്ഡലത്തിലെ വിജയ പരാജയങ്ങള്‍ മാറി മറിയും.
എ പ്ലസ് മണ്ഡലങ്ങളായ പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അദ്യക്ഷന്‍ ജെപി നദ്ദ ,കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവര്‍ ബിജെപിയുടെ പുതിയ എ പ്ലസ് മണ്ഡലമായ ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് എത്തുമെന്നാണ് വിവരം. ബൂത്തുതലം മുതലുള്ള പ്രവര്‍ത്തനം ഇപ്പോള്‍ ആര്‍എസ്എസിന്റെ ഏകോപനത്തിലാണ് നടക്കുന്നത്.
ബിജെപിയും ആര്എസ്എസു്ം അഞ്ചോ പത്തോ കൊല്ലം മുന്നില്‍ കണ്ടല്ല പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പാണെങ്കിലും അല്ലെങ്കിലും കുറഞ്ഞത് 25 കൊല്ലമാണ് അവര്‍ മുന്നോട്ട് വെക്കുന്ന ലക്ഷ്യം. അത്രയും ഓര്‍ഗനൈസ്ഡ ആയി മുന്നോട്ട് നീങ്ങുന്ന മോദിക്ക് മാത്രമെ ഇന്ത്യയെ നയിക്കാനാകു എന്ന ചിന്താഗതി ആലപ്പുഴക്കാരില്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തില്‍ ധീവര വോട്ടുകളും ഈഴവ വോട്ടുകളുമാണ് ഭൂരിഭാഗവും എന്നതിനാല്‍ തീരദേശത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് എ.എം.ആരിഫും കെ.സി.വേണുഗോപാലും ശ്രമിക്കുന്നത്.
ആലപ്പുഴയിലെ ധീവര വോട്ടുകള്‍ നിര്‍ണായകമാണ്. അതു കൊണ്ട് തന്നെ കളമറിഞ്ഞ് കളിക്കാനറിയാവുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി തീരദേശ ജനതയുടെ മനസിലിടം പിടിച്ചത് കുറഞ്ഞ സമയം കൊണ്ടാണ്. പാര്‍ട്ടിക്ക് രണ്ടു ലക്ഷത്തോളം വോട്ട്ഷെയര്‍ ഉണ്ടെന്ന് കണ്ടതോടെയാണ് ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം കൂടിയായ ശോഭയെ ബിജെപി അവിടെ സ്ഥാനാര്‍ഥി ആക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണം മൂന്ന് റൗണ്ട് പിന്നിട്ടതോടെ എന്‍ഡിഎയുടെ വിജയ സാധ്യതയും ജനപിന്തുണയും വര്‍ധിപ്പിക്കാന്‍ ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്.
മണ്ഡലത്തില്‍ കെസി വേണുഗോപാല്‍ വിജയിച്ചാല്‍ ഒഴിവു വരുന്ന രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്ക് വിജയിക്കാനാകും എന്നതിനാല്‍ ഇടതുമുന്നണിയുടെ വോട്ടുകള്‍ ചോര്‍ത്താനുള്ള തന്ത്രവുമുണ്ട്. സ്ത്രീകള്‍ക്കിടയില്‍ അടക്കം ജനസ്വാധീനം സൃഷ്ടിക്കാന്‍ ശോഭാ സുരേന്ദ്രന് കഴിഞ്ഞതോടെ അലപ്പുഴയിലെ മല്‍സരം വലിയൊരു ത്രികോണ പോരാട്ടമായി മാറുകയാണ്.ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകള്‍ കീറിയതുമായി ബന്ധപ്പെട്ട വിഷയത്തിലും പക്വമായ നിലപാടാണ് സ്ഥാനാര്‍ഥി സ്വീകരിച്ചത്.
ആലപ്പുഴയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരല്ല അത് ചെയ്തതെന്നും മലബാറില്‍ നിന്ന് വന്ന എസഡിപിഐ പിഡിപി ക്രിമിനലുകളാണ് അതിന് പിന്നിലെന്നും ശോഭ പറഞ്ഞത് എ.എം ആരിഫിന്റെ അത്തരം ബന്ധങ്ങളെ പരാമര്‍ശിച്ച് തന്നെയാണ്. കരിമണല്‍ വിഷയത്തില്‍ കെ.സി വേണു ഗോപാലിനെതിരെ ശോഭ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിയമപരമായ നടപടി ക്രമങ്ങളിലേക്ക് നീങ്ങുന്നത് യുഡിഎഫിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലം ഇത്തവണ ആരെ തെരഞ്ഞെടുക്കും എന്നത് പ്രവചനാതീതമായി മാറുകയാണ്.
ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ദേശീയ നേതൃത്വം ആലപ്പുഴയെ കൂടി ഉള്‍പ്പെടുത്തിയതോടെ പ്രചരണത്തിന്രെ നിയന്ത്രണം ഇനി ദേശീയ നേതൃത്വം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 2016ല്‍ നിയമസഭയിലേക്ക് പാലക്കാട്ട് നിന്ന് മല്‍സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ആറ്റിങ്ങലില്‍ കാഴ്ചവെച്ച പോരാട്ട വീര്യം തുടരുകയും ചെയ്താല്‍ ആലപ്പുഴയില്‍ ബിജെപി അട്ടിമറി വിജയം പോലും നേടിയേക്കാം.