ഡല്‍ഹി: അലിഗഡ് കേന്ദ്ര സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്കിയ അപ്പീലിലാണ് വിധി പറയുക.
ഹൈക്കോടതി വിധി പുറത്തുവന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി വാദം കേട്ട് തീരുമാനമെടുക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 30 ഉറപ്പുനല്‍കുന്ന മൗലികാവകാശമായ മത സ്വാതന്ത്ര്യമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ആര്‍ജ്ജിക്കാമെന്നാണ് ഹര്‍ജിക്കാരുടെ വാദം. അലിഗഡ് കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
പാര്‍ലമെന്റ് നിയമത്തിലൂടെ സ്ഥാപിച്ച സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നേടാനാകുമോ എന്നാണ് ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. 2019ല്‍ മൂന്നംഗ ബെഞ്ച് വിഷയം ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു.