തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ 13 നിപ പരിശോധനഫലങ്ങളും നെഗറ്റീവ്. വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. 175 പേര് സമ്പര്‍ക്ക പട്ടികയില്‍ 13 സാമ്പിളുകള്‍ നെഗറ്റീവായി. 26 പേര് ഹൈറിസ്ക് കാറ്റഗറിയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കും. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നും നിപ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.