കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പൊലീസ് സേനയെ നിയന്ത്രിക്കുന്നുവെന്നുമുള്ള പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണം ഞെട്ടിക്കുന്നതാണെന്ന് കേരള ഡെമോക്രാറ്റിക്ക് പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സിബി തോമസ് ആരോപിച്ചു.
കെട്ടുകഥകളുണ്ടാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ സി പി എമ്മിന് സ്വന്തം എം എല്‍ എയുടെ ആരോപണത്തില്‍ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മൗനം പാലിക്കുകയാണ്. സി പി എമ്മും ഇടത് സര്‍ക്കാരും കേരളത്തിലെ സമാധാനം ജീവിതം തകര്‍ത്തിരിക്കുകയാണ്. ഗുണ്ടകള്‍ക്കും ക്വട്ടേഷന്‍ സംഘത്തിനും വേണ്ടിയാണ് ആഭ്യന്തരവകുപ്പ് നിലകൊള്ളുന്നതെന്നാണ് നിലമ്പൂര്‍ എം എല്‍ എ പറയുന്നത്.
ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്തണം. നേരത്തെ ലൈംഗികാരോപണം നേരിട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി ശശി എങ്ങനെയാണ് വീണ്ടും ശക്തനായതെന്നും സി പി എം പൊതുജനങ്ങളോട് ഏറ്റുപറയണം. അവതാരങ്ങള്‍ ഉണ്ടാവില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് ശശിയവതാരങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമാധാനത്തോടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍ കേരളത്തിലെന്നും ഇത് പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും സിബി മാത്യു പറഞ്ഞു.
കെ ഡി വൈ എഫ് തൃക്കാക്കര – ആലുവ – തൃപ്പൂണിത്തുറ സംയുക്ത മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ എസ് അമല്‍ അധ്യക്ഷപദം വഹിച്ചു. എന്‍ ഒ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. എ എം സയ്യിദ്, ബിപിന്‍ മലമേല്‍, അജി പീറ്റര്‍, ഉണ്ണി കെ കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.