കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ചർച്ചചെയ്യാൻ സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവിൽ പങ്കെടുക്കേണ്ടെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ തീരുമാനിച്ചു. പങ്കെടുക്കില്ലെന്ന് വിമെൻ ഇൻ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി.) നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചതിനു പിന്നാലെ ‘അമ്മ’യുടെ പിന്മാറ്റംകൂടിയായതോടെ കോൺക്ലേവുകൊണ്ട് കാര്യമില്ലെന്ന് ഉറപ്പായി.
വേട്ടക്കാർക്കൊപ്പം വേദി പങ്കിടാനില്ലെന്ന ഡബ്ല്യു.സി.സി.യുടെ മുൻനിരപ്രവർത്തകരിലൊരാളായ നടി പാർവതി തിരുവോത്തിന്റെ പ്രസ്താവനയാണ് സർക്കാരിനെയും ‘അമ്മ’യെയും പ്രകോപിപ്പിച്ചത്.കോൺക്ലേവിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. എന്നാൽ, കോൺക്ലേവിൽ പങ്കെടുത്താൽ പാർവതിയുടെ പ്രസ്താവനയിൽ പറയുന്ന വേട്ടക്കാരുടെ പ്രതിച്ഛായ ഉണ്ടാകുമെന്ന പൊതുഅഭിപ്രായമാണ് അമ്മ ഭരണസമിതിയിൽ ഉയർന്നത്. ഇതോടെപങ്കെടുക്കേണ്ടെന്നതീരുമാനത്തിലേക്കെത്തുകയായിരുന്നു ‘അമ്മ’.
സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിലും ഇതേ അഭിപ്രായത്തിനാണ് മുൻതൂക്കം.പാർവതി തിരുവോത്തിന്റെ പ്രസ്താവന സർക്കാരിനും കനത്തതിരിച്ചടിയായി. മന്ത്രി എം.ബി. രാജേഷ് തന്നെ ഇതിനെതിരേ രംഗത്തെത്തി. കോൺക്ലേവ് വിശദാംശങ്ങൾ പ്രഖ്യാപിക്കുംമുൻപ് ഇരകളും വേട്ടക്കാരും എങ്ങനെ ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെയുണ്ടായെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ആവർത്തിച്ചിട്ടുണ്ട്. കോൺക്ലേവിന്റെ ആവശ്യമില്ലെന്ന് സി.പി.ഐ. നേതാവ് ആനിരാജയും പ്രതികരിച്ചതോടെ സർക്കാർ വിഷമവൃത്തത്തിലായിരിക്കുകയാണ്