വാഷിങ്ടൺ: തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വെടിവെച്ചയാളെ തിരിച്ചറിഞ്ഞു. അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ 20കാരൻ തോമസ് മാത്യു ക്രൂക്ക്സ് എന്നയാളാണ് അക്രമിയെന്ന് എഫ്.ബി.ഐ അറിയിച്ചു. ആക്രമണത്തിന്റെ കാരണവും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് കരുതുന്നത്.
ട്രംപിനുനേരെ വെടിയുതിർത്ത ഉടൻ തന്നെ അക്രമിയെ സുരക്ഷാ സംഘം വെടിവെച്ച് കൊന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് എ.ആർ-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, പരിക്കേറ്റ് ചികിത്സ തേടിയ ട്രംപ് ആശുപത്രി വിട്ടു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാമ്പയിൻ സംഘം അറിയിച്ചു.