മുക്കം : പൊള്ളുന്ന വെയിലിനും കടുത്ത ചൂടിനുമൊന്നും ജനങ്ങളുടെ ആവേശത്തെ തെല്ലും കെടുത്താനായില്ല. കഠിനമായ ഉഷ്ണത്തെ വകവയ്ക്കാതെ ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കാൻ മുക്കത്തേക്ക് ഒഴുകിയെത്തിയത്.
എം.പിയായതിന് ശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് സ്നേഹവും ആവേശവും നിറഞ്ഞ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. രാവിലെ മുതൽ തന്നെ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു മുക്കത്തേക്ക് ഒഴുകിയെത്തിയത്.

ഒരു നോക്ക് കാണുവാനായി ചേർന്നണഞ്ഞ ആയിരങ്ങൾക്കിടയിലേക്ക് ഉച്ചയ്ക്ക് 1.15ഓടെ രാഹുലും പ്രിയങ്കയും കടന്നുവന്നപ്പോൾ ജനങ്ങളുടെ ആവേശം അണപൊട്ടി. കത്തുന്ന വേനൽ ചൂടിനെ അവഗണിച്ച് റോഡിലും റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമായി കാത്തിരുന്ന ആയിരങ്ങളെ ഇരുവരും അഭിവാദ്യം ചെയ്തു.
നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും വിജയാരവം പരിപാടിയുടെ ആവേശം കൊടുമുടിയിലെത്തിച്ചു. ചരിത്രപരമായ ഭൂരിപക്ഷം നൽകി വയനാടിന്റെ ശബ്ദമാകാൻ പാർലമെൻ്റിലെത്തിച്ച ജനതയോട് നന്ദി പറഞ്ഞു കൊണ്ടാണ് ഇരുവരും പ്രസംഗം തുടങ്ങിയത്.