തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ജീവജാലങ്ങള്‍ക്കും തണലൊരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. വെയിലൊന്ന് താഴുന്നത് കാത്ത് നിസഹായരായി നില്ക്കുന്ന കന്നുകാലികളെ പാടത്തും പറമ്പിലും കാണാം. അവയ്ക്കും സംരക്ഷണം നൽകണം. ഈ ചൂട് അവര്‍ക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രേത്യകം കരുതല്‍ നല്‍കണം.
പകല്‍ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കന്നുകാലികളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില കൂടുതലായതിനാല്‍ ആസ്ബറ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ടു മേഞ്ഞ സ്ഥലങ്ങളില്‍ കന്നുകാലികളെ കെട്ടരുത്. പരമാവധി മരത്തണലില്‍ നിര്‍ത്തണം.
നിര്‍ജലീകരണം തടയാന്‍ തണുത്ത കുടിവെള്ളം ലഭ്യമാക്കണമന്നും നിര്‍ദ്ദേശമുണ്ട്. കനത്ത ചൂടില്‍ നിര്‍ത്തിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് താഴെ നായകള്‍ കിടന്നുറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ സ്റ്റാര്ഡാക്കുമ്പോള് അവയുടെ കാര്യം പ്രേത്യകം ഓര്‍ക്കണം. ചെറിയ ചിരട്ടകളിലും പാത്രങ്ങളിലും വെളളം സംഭരിച്ച് പക്ഷികളെയും മറ്റ് നാല്ക്കാലികളെയും വെളളം കുടിക്കാന്‍ അനുവദിക്കുക.