ചെന്നൈ: തമിഴ്നാട് പിടിക്കാൻ കച്ചമുറുക്കി ബിജെപി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യമായി മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും ഒന്നിച്ച് ജനവിധി തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അണ്ണാ ഡി.എം.കെ നേതാവും മുൻമുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമിയായിരിക്കും എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.
ചെന്നൈയില്‍ ബി.ജെ.പിയുടെയും അണ്ണാ ഡി.എം.കെ.യുടെയും നേതാക്കള്‍ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് സഖ്യ തീരുമാനമുണ്ടായത്.അണ്ണാമലയ്ക്ക് പകരം നൈനാർ നാഗേന്ദ്രൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സഖ്യ പ്രഖ്യാപനം നടന്നത്. അണ്ണാമലയെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അണ്ണാ ഡി.എം.കെ. ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അണ്ണാമലയെ നീക്കിയാല്‍ ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറാണെന്ന് അണ്ണാ ഡി.എം.കെ. അറിയിച്ചതായാണ് സൂചന.