കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിലാണെന്ന് ലഭിക്കുന്ന വിവരം. സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തന രഹിതമാണ്. പടമുകളിലെ വീട്ടിലും ആരും ഇല്ല, വാഹനവും ഇല്ല. കഴിഞ്ഞ ദിവസം വരെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് താരം. വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് നടന്റെ നീക്കമെന്നും വിവരമുണ്ട്. സംഭവത്തില്‍ ഹൈക്കോടതി നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
2017ല്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ബി രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.