തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം വേണോയെന്നതില്‍ സുപ്രീംകോടതി വിധി ഇന്ന്. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നല്കിയ അപ്പീലിലാണ് വിധി പറയുക. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം.
1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചുവെന്നാണ് കുറ്റപത്രം. വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്ഐആറിലോ തനിക്കെതിരെ ഒരു ആരോപണവും ഉണ്ടായിരുന്നില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം.